തെന്നിന്ത്യൻ സിനിമാസ്വാദകരുടെ പ്രിയപ്പെട്ട താരദന്പതികളാണ് അജിത്തും ശാലിനിയും. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ അജിത്തിന് വലിയൊരു ആരാധകവൃന്ദമുണ്ട് കേരളത്തിൽ. വിവാഹത്തോടെ സിനിമയിൽ നിന്നു വിട്ടുനിൽക്കുന്ന ശാലിനിയുടെ വിശേഷങ്ങൾ താരത്തിന്റെ സഹോദരി ശ്യാമിലിയുടെ സോഷ്യൽമീഡിയ പേജ് വഴിയാണ് ആരാധകർ അറിയുന്നത്.
ബാലതാരമായിരുന്നപ്പോൾതന്നെ തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും ശാലിനി പ്രേക്ഷകനെ വിസ്മയിപ്പിച്ചിരുന്നു. 1990-ലാണ് ബാലതാരമായി അവസാന സിനിമ റിലീസ് ചെയ്തത്. പിന്നീട് ഏഴു വർഷത്തോളം സിനിമയിൽനിന്നു വിട്ടുനിന്നു.
ശേഷം 1997ൽ കുഞ്ചാക്കോ ബോബനൊപ്പം അനിയത്തിപ്രാവിവൂടെ നായികയായി വീണ്ടും തിരികെയെത്തി. അനിയത്തിപ്രാവ് വലിയ വിജയമായിരുന്നു ഒപ്പം നായികയും നായകനും. സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്തപ്പോൾ വിജയിയുടെ നായകയായി.
തമിഴിലും സിനിമ സൂപ്പർ ഹിറ്റായതോടെ ശാലിനിക്ക് തെന്നിന്ത്യ മുഴുവൻ ആരാധകരായി. അനിയത്തിപ്രാവ്, നിറം തുടങ്ങിയ സിനിമകളിലെ കുഞ്ചാക്കോ ബോബൻ-ശാലിനി കെമിസ്ട്രി ഏറെ ശ്രദ്ധിക്കപ്പെട്ടപ്പോൾ ഇരുവരും പ്രണയത്തിലാണെന്ന് വാർത്തകളും ഗോസിപ്പുകളും വന്നിരുന്നു.
എന്നാൽ അപ്പോഴേക്കും ശാലിനി അജിത്തിനെ പ്രണയിച്ചു തുടങ്ങിയിരുന്നു. സിനിമാക്കഥകളോടു കിടപിടിക്കുന്നതാണ് അജിത്ത്-ശാലിനി പ്രണയകഥ. 1999ൽ അമര്‍ക്കളം എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോഴാണ് അജിത്തും ശാലിനിയും പ്രണയത്തിലാകുന്നത്.
നായികയായിരുന്ന ശാലിനിയുടെ നേര്‍ക്ക് കത്തി വീശുന്ന ഒരു ഷോട്ടില്‍ അജിത് അറിയാതെ ശാലിനിയുടെ കൈ മുറിച്ചു. ആ സംഭവത്തിനു ശേഷമാണ് കാര്യങ്ങളെല്ലാം മാറിമറിഞ്ഞത്.അമർക്കളത്തിലേക്ക് ശാലിനി അഭിനയിക്കാനെത്തിയതു പോലും ഏറെ നാളത്തെ അണിയറപ്രവർത്തകരുടെ പരിശ്രമത്തിനുശേഷമാണ്.
ആദ്യം സംവിധായകൻ ചെന്നപ്പോൾ പഠനത്തിന് പ്രാധാന്യം നൽകുകയാണെന്നും പ്ലസ്ടു പരീക്ഷ ഉണ്ടെന്നും പറഞ്ഞ് ശാലിനിയും കുടുംബവും മടക്കി അയച്ചു. എങ്കിലും ശാലിനിയെ നായികയാക്കണമെന്ന് മനസിൽ ഉറപ്പിച്ചിരുന്നതിനാൽ താരത്തെ പറഞ്ഞു സമ്മതിപ്പിക്കാൻ അജിത്തിനെ സംവിധായകൻ ശരൺ അയച്ചു.
പരീക്ഷയുടെ കാര്യം ശാലിനി വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ശരണിനോട് പോലും ചോദിക്കാതെ അജിത് പറഞ്ഞു ആദ്യം പരീക്ഷ എഴുതി തീര്‍ക്കൂ… ഞങ്ങള്‍ ഷൂട്ടിംഗ് നീട്ടിവച്ചോളാം…. അങ്ങനെയാണ് ശാലിനി അഭിനയിക്കാമെന്ന് സമ്മതിച്ചത്.
ശേഷം ചിത്രീകരണത്തിന് എത്തിയ ശാലിനിക്ക് ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയിലിരുന്ന കത്തിമൂലം പരിക്കേറ്റു.
വേദനയോടെ കരയുന്ന ശാലിനിയെ കണ്ടപ്പോള്‍ അജിത്തിനും സങ്കടമായി. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായിത്തീര്ന്നതെന്ന് അജിത് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അനൗഷ്ക, ആദ്വിക് എന്നിവരാണ് ശാലിനി- അജിത് താരദമ്പതികളുടെ മക്കള്‍.
-പിജി