കോട്ടയം: നഗരമധ്യത്തിൽ ലൈംഗിക തൊഴിലാളിയായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരിയെന്നു കോടതി. പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ കൊലപ്പെടുത്തിയ കേസിൽ കഞ്ഞിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്ന മറ്റൊരു ലൈംഗിക തൊഴിലാളി തിരുവനന്തപുരം സ്വദേശി രാധ(52)യെയാണു കുറ്റക്കാരിയെന്നു കണ്ടെത്തിയത്.
രാധയ്ക്കുള്ള ശിക്ഷ 11നു സെഷൻസ് ജഡ്ജി എസ്. സുരേഷ് കുമാർ വിധിക്കും.2014 ജനുവരി 14 നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്നു രാധ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. സ്റ്റാർ ജംഗ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽ ഇടപാടുകാരനൊപ്പം കഴിയുന്പോൾ എത്തിയ രാധ, ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.
കേസിൽ 27 സാക്ഷികൾ. 38 പ്രമാണങ്ങൾ, 14 തൊണ്ടി മുതലുകൾ എന്നിവ പ്രോസിക്യൂഷനുവേണ്ടി ഹാജരായി. കോട്ടയം വെസ്റ്റ് സിഐയായിരുന്ന എ.ജെ. തോമസാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.