കോട്ടയം: നഗരമധ്യത്തിൽ ലൈംഗിക തൊഴിലാളിയായ യുവതിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി തിരുവനന്തപുരം സ്വദേശി രാധ(52)യെ ജീവപര്യന്തം തടവിനും 65,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചുകൊണ്ട് കോട്ടയം സെഷൻസ് ജഡ്ജി എസ്. സുരേഷ് കുമാർ ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ ഒൻപതു മാസംകൂടി തടവ് അനുഭവിക്കണം.
പത്തനംതിട്ട ളാഹ സ്വദേശി ശാലിനി(38)യെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. ലൈംഗിക തൊഴിലാളിയായ പ്രതി കഞ്ഞിക്കുഴിയിൽ വാടകയ്ക്കു താമസിക്കുന്പോഴാണ് കൊല നടന്നത്. 2014 ജനുവരി 14നായിരുന്നു കേസിനാസ്പദമായ സംഭവം. ലൈംഗിക തൊഴിലാളികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് രാധ ശാലിനിയെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
കോട്ടയം നഗരത്തിൽ സ്റ്റാർ ജംഗ്ഷനു സമീപത്തെ കുറ്റിക്കാട്ടിൽ ഇടപാടുകാരനൊപ്പം കഴിയുന്പോൾ എത്തിയ പ്രതി ശാലിനിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശാലിനിയെ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്. കേസിൽ 27 സാക്ഷികൾ. 38 പ്രമാണങ്ങൾ, 14 തൊണ്ടി മുതലുകൾ എന്നിവ പ്രോസിക്യൂഷൻ ഹാജരാക്കി.
കോട്ടയം വെസ്റ്റ് സിഐയായിരുന്ന എ.ജെ. തോമസാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഗിരിജ ബിജു ഹാജരായി.