എസ്. മഞ്ജുളാദേവി
“കുളിരുള്ളോരോമൽ പ്രഭാതത്തിലിന്നലെ
കനകലതേ നിന്നെ കണ്ടു
അതിഗൂഢ സുസ്മിതം ഉള്ളിലൊതുക്കുന്ന
ഋതുകന്യപോലെ നീ നിന്നു’…
1979-80 കാലഘട്ടം. ശാലിനി എന്റെ കൂട്ടുകാരി എന്ന സിനിമയ്ക്കു വേണ്ടി എഴുതിയ ഈ വരികളുമായി അന്നത്തെ യുവ ഗാനരചയിതാവ് എം.ഡി. രാജേന്ദ്രൻ കംദാർ ചെന്നൈയിലെ ദേവരാജൻ മാസ്റ്ററിന്റെ വീടിന്റെ മുകൾ നിലയിൽ കാത്തിരിക്കുകയാണ്. ജി. ദേവരാജന്റെ കർക്കശ പ്രകൃതം എല്ലാവർക്കും അറിയാവുന്നതാണ്.
നല്ല കവിത്വമുള്ള വരികളാണെങ്കിൽ മാത്രമേ സ്വീകരിക്കൂ. ഇഷ്ടപ്പെട്ടില്ലെങ്കിൽ മുഖം നോക്കാതെ പ്രതികരിക്കും. ഗാനത്തിന്റെ വരികൾ എഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി വലിച്ചെറിയും. ഗാനരചയിതാവിനെ പുറത്തിറക്കിവിട്ടെന്നും വരാം.
എംഡിആറിന്റെ ഉള്ളിൽ ഒരു പിടച്ചിലുണ്ട്. 1972ൽ പുറത്തുവന്ന മോചനം എന്ന തന്റെ ആദ്യസിനിമയിലെ ഗാനങ്ങളുടെ സംഗീതശിൽപ്പി ദേവരാജൻ മാസ്റ്ററാണ്.
“ആദ്യവസന്തം പോലെ ആദ്യ സുഗന്ധം പോലെ’, “വന്ധ്യമേഘങ്ങളെ..’ തുടങ്ങിയ പാട്ടുകളൊക്കെ വൻ ഹിറ്റുകളാണ്. ആ ഒരു ആശ്വാസം മാത്രമാണുള്ളത്.
ദേവരാജൻ മാസ്റ്റർ രാജേന്ദ്രൻ എന്ന ചെറുപ്പക്കാരനെ നോക്കി, പിന്നെ പേപ്പറിലെ വരികളിലൂടെ കണ്ണുകളോടിച്ചു. “”നല്ല വരികളാണ്. തുടക്കത്തിലെ വരികൾ കുറച്ചുകൂടെ ഗഹനമാക്കണം. ലതയും അമ്മിണിയുമൊന്നും വേണ്ട…”
മാസ്റ്ററുടെ വീട്ടിലിരുന്ന് അപ്പോൾതന്നെ എംഡിആർ മാറ്റിയെഴുതിയ വരികളാണ് “ഹിമശൈല സൈകത ഭൂമിയിൽ നിന്നു നീ… ‘എന്നത്.
1980ൽ പുറത്തു വന്ന ശാലിനി എന്റെ കൂട്ടുകാരിയിലെ ഈ ഗാനം നാലു പതിറ്റാണ്ടുകളിൽ അധികമായി ഹിമശൈലത്തിൽ നിന്നും അടർന്നു വീണ ആദ്യ ജലകണം പോലെ നിലനിൽക്കുകയാണ്.
പ്രണയ പ്രവാഹത്തിലെ ആദ്യജലത്തിന്റെ തുള്ളി എന്നർഥത്തിലാണ് പ്രഥമോദബിന്ദു എന്ന് എംഡിആർ പ്രയോഗിച്ചത്. ഈ പ്രയോഗവും ദേവരാജൻ മാസ്റ്റർക്ക് നന്നായി ഇഷ്ടപ്പെട്ടിരുന്നു.
“എന്നെ എനിക്ക് തിരികെ കിട്ടാതെ ഞാൻ ഏതോ ദിവാസ്വപ്നമായി…’ എന്ന വരികൾ ആവർത്തിച്ചാവർത്തിച്ച് പാടുന്ന ദേവരാജൻ മാസ്റ്ററെ എംഡിആർ മറന്നിട്ടില്ല. ആകാശവാണിയിൽ ലളിതഗാനമായി എഴുതിയ ഗാനമാണ് ഹിമശൈല സൈകതമായി മാറുന്നത്.
അക്കാലത്ത് ലത എന്ന ഒരു ആരാധികയോട് തോന്നിയ പ്രണയം ലളിതഗാനത്തിലൂടെ അറിയിക്കാനാണ് കനകലതേ നിന്നെ കണ്ടു എന്ന് എഴുതിയതെന്ന് പുഞ്ചിരിയോടെ എംഡിആർ പറയുന്നു.
തിരുവനന്തപുരം ആകാശവാണിയിൽ പ്രോഗ്രാം അനൗൺസറായി പ്രവർത്തിക്കുന്ന കാലത്താണ് മോചനം എന്ന ചിത്രത്തിനുവേണ്ടി എംഡിആർ ഗാനരചന നടത്തുന്നത്.
മോചനത്തിലെ പാട്ടുകൾ ഹിറ്റായതോടെ എംഡിആറിനു ഡിമാൻഡും ഏറി. ചെന്നൈയിലെ പ്രശസ്ത നിർമാതാവായ പി.ആർ.കെ.നായർക്ക് മോചനത്തിലെ ഗാനങ്ങൾ ഏറെ ഇഷ്ടമായി.
അദ്ദേഹം പലരോടും പറഞ്ഞ് ഗാനരചയിതാവ് എന്ന നിലയ്ക്ക് എം.ഡി.രാജേന്ദ്രന് വലിയ പ്രചാരവും ലഭിച്ചു.എം.ഡി.ആര് പറയുന്നു – “”പാട്ടുകള്‍ എഴുതുവാന്‍ അവസരങ്ങള്‍ വന്നതോടെ ആകാശവാണി ജോലി രാജിവച്ച് ചെന്നൈയില്‍ തന്നെ നിന്നാലോ എന്ന് ആലോചിച്ചു.
ഇക്കാര്യം ദേവരാജന്‍ മാഷിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ദേഷ്യപ്പെട്ടു.’നിന്റെ മുട്ടുകാല് തല്ലി ഒടിക്കും. നല്ല അന്തസുള്ള ജോലി കളഞ്ഞിട്ട് നീ ചെന്നൈയിലെ പൈപ്പ് വെള്ളം കുടിച്ച് നടക്കണ്ട.
നല്ല അവസരം വരുമ്പോള്‍ ഞാന്‍ വിളിച്ചോളാം’ ചെന്നൈയില്‍ നിന്നിരുന്നെങ്കില്‍ കൂടുതല്‍ സിനിമകളില്‍ അവസരങ്ങള്‍ ലഭിക്കുമായിരുന്നു. എങ്കിലും മാഷ് പറഞ്ഞതിനു എതിരായി പ്രവര്‍ത്തിക്കുവാന്‍ മനസ് വന്നില്ല.
അങ്ങനെയാണ് മടക്കം. ആകാശവാണിയില്‍ എന്റെ പാട്ടുകള്‍ എന്റെ പേരു പറഞ്ഞ് അനൗണ്‍സ് ചെയ്യുവാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിരുന്നു. സുഹൃത്തു കൂടിയായ വിന്ധ്യന് വഴിയാണ് ശാലിനി എന്റെ കൂട്ടുകാരി’ യില്‍ അവസരം ലഭിക്കുന്നത്. ഈ സമയത്ത് തിരുവനന്തപുരത്തുനിന്നു തൃശൂര്‍ ആകാശവാണിയിലേക്കു ഞാന്‍ മാറിയിരുന്നു.”
“”ശാലിനി എന്റെ കൂട്ടുകാരിയിലെ സുന്ദരി എന്ന് തുടങ്ങുന്ന ഗാനം ഞാന്‍ ആദ്യം എഴുതി, ദേവരാജന്‍ മാഷിനു നല്കുമ്പോള് സുന്ദരി എന്ന സംബോധന ഉണ്ടായിരുന്നില്ല.
‘നിന് തുമ്പു കെട്ടിയിട്ട ചുരുള്‍ മുടിയില്‍
തുളസി തളിരില ചൂടി…’
എന്നായിരുന്നു തുടക്കം. എന്തെങ്കിലും ഒരു സംബോധന വേണമെന്ന് ദേവരാജന്‍ മാഷിനു നിര്‍ബന്ധം. അങ്ങനെയാണ് ‘സുന്ദരി’ എന്ന് ചേര്‍ക്കുന്നത്. ‘ ഹിമശൈല സൈകത ഭൂമിയിൽ എന്ന ഗാനം പോലെ സുന്ദരിയും ഇന്നും വൻ ഹിറ്റായി തുടരുകയാണ്.
എം.എസ്. ശ്രീനിവാസന്, എം.ബി.എസ്, ഇളയരാജ, എ.ടി. ഉമ്മര്‍, ബോംബെ രവി, ജെറി അമല്‍ദേവ്, ജോണ്സണ്, രവീന്ദ്രൻ, എം.ജി. രാധാകൃഷ്ണന് അങ്ങനെ നീളുന്ന മലയാളത്തിലെ ഭൂരിഭാഗം സംഗീത സംവിധായകന്മാരുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇളയരാജയുടെ ട്യൂണിനു അനുസരിച്ച് ഗാനമെഴുതുക വലിയ പരീക്ഷണമാണെന്ന് എംഡിആർ. മംഗളം നേരുന്നു’ വിലെ ‘അല്ലിയിളം പൂവോ….’ നിമിഷങ്ങള്‍ കൊണ്ട് എഴുതിയതാണ്.
അഞ്ചുമിനിട്ടു കൊണ്ട് കമ്പോസിംഗ് തീര്‍ക്കുകയായിരുന്നു ഇളയരാജ. ‘മംഗളം നേരുന്നു’ വിലെ തന്നെ ‘ഋതുഭേദ കല്പന ചാരുത നല്കിയ’ എന്ന എം.ഡി. രാജേന്ദ്രന്റെ കവിതയെ മനോഹരമായ ഗാനമാക്കി മാറ്റിയതും സംഗീത വിസ്മയമായ ഇളയരാജ തന്നെയാണ്.
1979-ല്‍ സിനിമാരംഗത്ത് എത്തിയ എംഡിആര്‍ 2023ലും സജീവമാണ്. ‘ഫൈനല്‍സ്’ ലെ പുതിയ സംഗീത സംവിധായകനായ കൈലാസ് മേനോനു വേണ്ടിയും ഗാനമെഴുതിയിട്ടുണ്ട്.
ഇപ്പോള്‍ സംഗീതസംവിധായകനായും തിളങ്ങുകയാണ് നല്ലൊരു ഗായകന് കൂടിയായ എം.ഡി. രാജേന്ദ്രൻ. എംഡിആര്‍ രചനയും സംഗീതവും പകര്‍ന്ന ‘മൗനം’ എന്ന സിനിമയിലെ ‘കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും…’
എന്ന യേശുദാസ് പാടിയ ഗാനത്തിനു ഇപ്പോള്‍ അന്താരാഷ്ട്ര മാനം വന്നിരിക്കുകയാണ്. എസ്.പി.ബി. തൃശൂരില്‍ നടന്ന വലിയ ചടങ്ങില്‍ വച്ച് ഈ ഗാനം ദേശീയഗാനം പോലെ മഹത്വമുള്ളതെന്ന് പറയുകയുണ്ടായി.