കോട്ടയം: സംഗീതത്തിലൂടെ തന്റെ അപൂർവ രോഗത്തെ മായ്ച്ചുകളയുകയാണ് കൊച്ചു മിടുക്കൻ ഷം തോമസ്.
ഒരു വർഷം മുന്‍പ് കേൾവി നഷ്ടപ്പെട്ട്, കാലുകൾ തളർന്നു രോഗശയ്യയിലേക്കു വീണുപോയ പത്തു വയസുകാരൻ ഷം തോമസ് കോട്ടയം കാരിത്താസ് ആശുപത്രിയിലെ ഡോ. ബോബൻ തോമസിന്റെ ചികിത്സയിലാണ് അദ്ഭുതകരമായി ജീവിതത്തിലേക്കു തിരിച്ചുവരുന്നത്.
പതിന്നാലുകാരനായ തന്റെ സഹോദരൻ ഷോണ്‍ മാത്യുവിനോപ്പം സംഗീത പരിപാടി അവതരിപ്പിക്കുകയെന്നതു ഷമ്മിന്റെ നിറമുള്ള സ്വപ്നമായിരുന്നു.
ആ സ്വപ്ന സാക്ഷാത്കാരമാണ് കഴിഞ്ഞ ദിവസം കാരിത്താസ് ആശുപത്രിയിലെ ജോസഫ് വർഗീസ് ഹാളിൽ അരങ്ങേറിയത്. ഡ്രംസ് വായിക്കുന്നതിൽ പ്രിയമുള്ള ഷം സഹോദരനൊപ്പം ഗാനങ്ങളെ മികവുറ്റതാക്കി.
മാങ്ങാനം കഞ്ഞിക്കുഴിയിൽ താമസിക്കുന്ന സിബി തോമസ്- ബബിത ദന്പതികളുടെ ഇളയ മകനായ ഷമ്മിനു തലച്ചോറിനെ ബാധിക്കുന്ന കൊറോയിഡ് പ്ലക്സ് ട്യൂമർ എന്ന രോഗമാണ് ബാധിച്ചിരുന്നത്.
ഡോ. ബോബൻ തോമസിന്റെ നേതൃത്വത്തിൽ നടക്കുന്ന ചികിത്സയിൽ കഴിഞ്ഞ ഒരു വർഷമായി മികച്ച പുരോഗതിയാണ് ഷമ്മിലുണ്ടാക്കിയത്.
നഷ്ടപ്പെട്ടന്നു കരുതിയ കേൾവി തിരിച്ചു ലഭിച്ചു. ഇപ്പോൾ കാലുകളുടെ ബലം വീണ്ടെത്തുവരികയാണ് ഈ കൊച്ചുകലാകാരൻ. കടുത്ത വെല്ലുവിളികളെ ചെറു പുഞ്ചിരിയോടെ നേരിടുകയാണ് ഷം തോമസ്.