ഇതു താന്‍ ടാ കേരള പോലീസ്, മകളുടെ കല്യാണം കൂടാന്‍ വന്ന പ്രവാസിയെ പോലീസ് മാലമോഷണ കേസില്‍ ജയിലിലിട്ടത് 54 ദിവസം, ഒടുവില്‍ യഥാര്‍ഥ കള്ളനെ പിടിച്ചത് പ്രവാസിയുടെ മകനും കൂട്ടുകാരും, കേരള പോലീസ് നാണക്കേടാകുന്നത് ഇങ്ങനെ

പി. ജയകൃഷ്ണന്‍

ഉപ്പയുടെ നിരപരാധിത്വം തെളിയിക്കാന്‍ മകനും കൂട്ടുകാരും ചേര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവില്‍ യഥാര്‍ഥ പ്രതി അറസ്റ്റില്‍. ചക്കരക്കല്ലില്‍ ജൂലൈ അഞ്ചിന് പെരളശേരി സ്വദേശിനി രാഖിയുടെ കഴുത്തിലെ അഞ്ചര പവന്റെ സ്വര്‍ണമാല സ്‌കൂട്ടറിലെത്തി കവര്‍ന്ന കേസില്‍ മാഹി അഴിയൂര്‍ കോറോത്ത് റോഡിലെ ശാലീനത്തില്‍ ശരത് വത്സരാജിനെ (35) യാണ് കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനും സംഘവും അറസ്റ്റ് ചെയ്തത്.

മലപ്പുറം മങ്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശരത്തിന്റെ അറസ്റ്റ് ഒരാഴ്ച മുമ്പാണ് പെരിന്തല്‍മണ്ണ കോടതിയുടെ അനുമതിയോടെ കോഴിക്കോട് ജില്ലാ ജയിലില്‍ വച്ച് കണ്ണൂര്‍ പോലീസ് രേഖപ്പെടുത്തിയത്. മാല കവര്‍ന്ന കേസില്‍ കതിരൂര്‍ സ്വദേശിയും ഖത്തറില്‍ ജോലിക്കാരനുമായ താജുദ്ദീനെ നേരത്തെ അറസ്റ്റ് ചെയ്ത് 54 ദിവസം റിമാന്‍ഡ് ചെയ്തിരുന്നു. അന്നത്തെ ചക്കരക്കല്‍ എസ്‌ഐയായിരുന്ന ബിജുവാണ് താജുദ്ദീനെ അറസ്റ്റ് ചെയ്തത്.

ഉപ്പ നിരപരാധിയാണെന്ന് അറിയാവുന്ന മകന്‍ മുഹമ്മദും സുഹൃത്തുക്കളും നടത്തിയ അന്വേഷണമാണ് പോലീസിന്റെ തെറ്റ് തിരുത്താനും യഥാര്‍ഥ പ്രതിയെ കണ്ടെത്താനും സഹായിച്ചത്. മുഹമ്മദും താജുദ്ദീന്റെ ഗള്‍ഫിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്നു രൂപീകരിച്ച ‘ജസ്റ്റീസ് ഫോര്‍ താജുദ്ദീന്‍’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. സംശയമുള്ളവരുടെ പടങ്ങള്‍ പോസ്റ്റ് ചെയ്യുകയും ചിലര്‍ യഥാര്‍ഥ പ്രതിയെ തിരിച്ചറിയുകയും ചെയ്തു.

താജുദ്ദീന്റെ കുടുംബം തുടര്‍ന്ന് കണ്ണൂര്‍ ഡിവൈഎസ്പിയെ സമീപിച്ചു. കൊണ്ടോട്ടി എംഎല്‍എ പി.ടി. ഇബ്രാഹിം വഴി ഡിജിപിക്ക് പരാതിയും നല്കി. തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കണ്ണൂര്‍ ഡിവൈഎസ്പി പി.പി. സദാനന്ദനോട് ഡിജിപി ആവശ്യപ്പെടുകയായിരുന്നു. കോഴിക്കോട്, കണ്ണൂര്‍ ക്രൈം സ്‌ക്വാഡുകളുടെ സഹായത്തോടെ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തിലാണ് യഥാര്‍ഥ പ്രതി ശരത്താണെന്നു മനസിലായത്.

മൊബൈല്‍ ടവര്‍ ലൊക്കേഷനും സ്‌കൂട്ടറും തിരിച്ചറിഞ്ഞതോടെ തലശേരി സിജെഎം കോടതിയുടെ വാറണ്ട് പ്രകാരം ശരത്തിനെ കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു. കവര്‍ന്ന മാല തലശേരി മാര്‍ക്കറ്റ് റോഡിലെ ജ്വല്ലറിയില്‍നിന്നും കവര്‍ച്ചയ്ക്കുപയോഗിച്ച ആക്ടീവ സ്‌കൂട്ടര്‍ മാഹി ചാലക്കരയില്‍നിന്നും പോലീസ് കണ്ടെടുത്തു. ജൂലൈ എട്ടിന് നടന്ന മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പത്തു ദിവസത്തെ അവധിക്ക് എത്തിയതായിരുന്നു താജുദ്ദീന്‍. ആളുമാറി അറസ്റ്റ് ചെയ്ത സംഭവം വിവാദമാകുകയും ചക്കരക്കല്‍ എസ്‌ഐ ബിജുവിനെ കണ്ണൂര്‍ ട്രാഫിക്കിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. പണംവാങ്ങി പലരെയും വഞ്ചിച്ച കേസിലാണ് ശരത് വത്സരാജ് മുന്പ് അറസ്റ്റിലായത്.

Related posts