പയ്യന്നൂർ(കണ്ണൂർ): ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിന്റെ അന്വേഷണത്തിൽ പോലീസ് ഉദാസീനത കാണിക്കുന്നതായി യുവതിയുടെ ബന്ധുക്കൾ. രാമന്തളി വടക്കുന്പാട്ടെ സി.കെ. ഷമീല (26) ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണത്തിലാണ് യുവതിയുടെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തിയത്.
ഈ മാസം രണ്ടിന് രാവിലെ ഏഴരയോടെയായിരുന്നു ഭർതൃഗൃഹത്തിലെ കിടപ്പുമുറിയിൽ ഷമീലയുടെ തൂങ്ങിമരണം.
ഒരുവയസും നാലുവയസുമുള്ള കുട്ടികളുടെ അമ്മയായ ഷമീലയും ഭർത്താവ് റഷീദും തമ്മിൽ നിരന്തരം പ്രശ്നങ്ങളായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന്റെ തലേദിവസവും പ്രശ്നങ്ങളുണ്ടായപ്പോൾ പതിവുപോലെ ഷമീലയുടെ ബന്ധുക്കളെത്തിയാണ് സമാധാനിപ്പിച്ചത്.
ഷമീലയുടെയും മക്കളുടേയും സ്വർണാഭരണങ്ങൾ ഭർത്താവ് ഏഴരലക്ഷം രൂപയ്ക്ക് ബാങ്കിൽ പണയംവച്ചുവെന്നും ഷമീലയുടെ പേരിൽ 50,000 രൂപ വായ്പയെടുത്തിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
കൂടാതെ മറ്റംഗങ്ങൾക്കുകൂടി അവകാശപ്പെട്ട ഷമീലയുടെ തറവാട്ട് സ്വത്ത് എഴുതിക്കൊടുക്കണമെന്ന ആവശ്യവുമായി ഭർത്താവ് നിരന്തരമായി ശല്യം ചെയ്തിരുന്നതായും യുവതിയുടെ മാതാവ് സോഫിയ പോലീസിന് മൊഴി നൽകിയിരുന്നു.
തന്നെ മാനസിക രോഗിയും കൊലപാതകിയുമാക്കിയ സംഭവത്തിൽ ഭർത്താവിന് എന്തെങ്കിലും പങ്കുണ്ടെങ്കിൽ അവസാനമായി തന്നെ കാണുന്നതിലുള്ള അതൃപ്തി രേഖപ്പെടുത്തിയ കുറിപ്പ് പോലീസിന് ലഭിച്ചിരുന്നു.
ഇതിൽ രണ്ടു യുവതികളുടെ പേരുകൂടി പരാമർശിക്കുന്നുണ്ട്. ജീവിതത്തെ വെറുത്തുവെന്നും എല്ലാവർക്കും തട്ടിക്കളിക്കാനുള്ള പാവ പോലെയായെന്നും തനിക്കാരുമില്ലെന്നും താൻ തനിച്ചായെന്നും കുറിപ്പിലുണ്ട്.
മറ്റൊരു കുറിപ്പിൽ മനസ് ഒരുപാട് തകർന്നിരിക്കുന്നുവെന്നും ഈ ബന്ധം മുന്നോട്ടു കൊണ്ടുപോകാൻ താൽപര്യമില്ലെന്നും എഴുതിയിരിക്കുന്നു.
ഗൾഫിൽ ജോലിയുണ്ടായിരുന്ന ഭർത്താവ് കുറെ നാളുകളായി നാട്ടിൽതന്നെയാണെന്നും ഇയാൾ വീട്ടിലുള്ളപ്പോഴായിരുന്നു ഷമീലയുടെ തൂങ്ങിമരണമെന്നും മാനസിക പീഡനം സഹിക്കാനാവാതെയാണ് ഷമീല ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കൾ പറയുന്നു.
നിരന്തരം ബന്ധപ്പെട്ടിട്ടും കേസന്വേഷണത്തിൽ നടപടി കാണുന്നില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാൽ കേസന്വേഷണം ഉൗർജിതമാണെന്നും താമസിയാതെ നടപടികളുണ്ടാകുമെന്നുമാണ് പോലീസ് പറയുന്നത്.