പയ്യന്നൂര്‍: ഭര്‍തൃഗൃഹത്തില്‍ യുവതി തൂങ്ങി മരിച്ച സംഭവത്തിന്റെ അന്വേഷണം അവസാന ഘട്ടത്തില്‍. ആത്മഹത്യ ചെയ്ത യുവതിയുടെ മകന്റെ മൊഴി പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന് നേരിട്ട് രേഖപ്പെടുത്തി.
രാമന്തളി വടക്കുമ്പാട്ടെ റഷീദിന്റെ ഭാര്യ സി.കെ.ഷമീല(26)ആത്മഹത്യ ചെയ്ത സംഭവത്തിന്റെ അന്വേഷണമാണ് അവസാന ഘട്ടത്തിലെത്തിയത്.
ഈ മാസം രണ്ടിന് രാവിലെ ഏഴരയോടെയായിരുന്നു ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയില്‍ ഷമീലയുടെ തൂങ്ങിമരണം.
ഷമീലയുടെ സ്വര്‍ണാഭരണങ്ങള്‍ ഈടുവെച്ചും വായ്പയെടുത്തും എട്ട്ലക്ഷത്തോളം രൂപ ഭര്‍ത്താവ് ബാങ്കില്നിന്നെടുത്തിരുന്നതായും മറ്റംഗങ്ങള്ക്കുകൂടി അവകാശപ്പെട്ട ഷമീലയുടെ തറവാട്ട് സ്വത്ത് എഴുതിക്കൊടുക്കണമെന്ന ആവശ്യവുമായി ഭര്‍ത്താവ് നിരന്തരമായി ശല്യം ചെയ്തിരുന്നതായും ബന്ധുക്കള്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.
തന്നെ മാനസിക രോഗിയും കൊലപാതകിയുമാക്കി ചിത്രീകരിച്ചതിലുള്ള മാനസികവ്യഥ വ്യക്തമാക്കുന്ന ഷമീലയുടെ രണ്ടു കുറിപ്പുകള്‍ പോലീസിന് ലഭിച്ചിരുന്നു.
ജീവിതത്തെ വെറുത്തുവെന്നും എല്ലാവര്ക്കും തട്ടിക്കളിക്കാനുള്ള പാവ പോലെയായെന്നും തനിക്കാരുമില്ലെന്നും താന്‍ തനിച്ചായെന്നും ഈ കുറിപ്പിലുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ജൂണ്‍ 24ന് രാഷ്ട്രദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഭര്‍തൃമതിയായ യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത ഈ സംഭവത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ. പ്രേമചന്ദ്രന് ഇന്നലെ മകനില്‍നിന്നും നേരിട്ട് മൊഴിയെടുത്തത്.