കല്ലടിക്കോട്: ലോക്ക് ഡൗണിലും ഷമീറിനു തിരക്കോടുതിരക്ക് സാധുക്കൾക്ക് കൈത്താങ്ങായും ദുരന്തമുഖത്ത് രക്ഷകനായും കരിന്പയിലെ ഷമീർ ശ്രദ്ധേയനാകുന്നു.
വെറുതെ ഇരുന്ന് നേരം പോക്കുകളിൽ കാലം കഴിക്കുന്ന യുവ തലമുറക്ക് സ്നേഹത്തിന്റെയും ജീവ കാരുണ്യത്തിന്റെയും മഹത്തായ സേവനപാഠങ്ങൾ പകർന്ന് നൽകി മാതൃകയാവുകയാണ് കരിന്പയിലെ ഷമീർ എന്ന ചെറുപ്പക്കാരൻ.
സ്വന്തം പ്രയാസങ്ങൾക്കിടയിലും അശരണർക്ക് കൈത്താങ്ങാകുന്ന അനേക പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് വർഷങ്ങളായി.
സാന്പത്തിക പരാധീനതമൂലം ചികിത്സ മുടങ്ങിയവർക്ക് മരുന്നെത്തിച്ചും പ്രളയ ദുരന്ത മേഖലയിൽ സഹായമെത്തിച്ചും കിണർ വൃത്തിയാക്കിയും ഭക്ഷണം വിതരണം ചെയ്തും ഈ യുവാവ് ചെയ്ത പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.
ലോക്ക്ഡൗണ് കാലത്ത് തെരുവിൽ ഭക്ഷണം എത്തിച്ചത് മാധ്യമങ്ങളിൽ വാർത്ത ആയതോടെയാണ് ഈ ചെറുപ്പക്കാരന്റെ സഹായ പ്രവൃത്തികൾ പലരും അറിയുന്നത്.
മഴയെന്നോ,വെയിലെന്നോ നോക്കാതെ സ്വന്തവും ബന്ധവും ജാതിയും മതവും നോക്കാതെ ഏതുദിക്കിലേക്കും ഷെമീർ തന്റെ വാഹനവുമായി പോകുന്പോൾ പ്രജു നടുക്കളം എന്ന കൂട്ടുകാരനും കൂടെയുണ്ടാകും.
മനോവിഭ്രാന്തിയിൽ തെരുവിൽ അലഞ്ഞുനടന്ന വൃദ്ധന് സഹായമാവുകയും ചികിത്സക്ക് പണമില്ലാതെ വയോധികയുടെ കാര്യം ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ടുവരികയുമുണ്ടായിട്ടുണ്ട്.
മഴയത്ത് മരം വീണാലും മലയിടിഞ്ഞാലും മണ്ണിടിഞ്ഞാലും ഉരുൾപൊട്ടിയാലും കിണറ്റിൽ അകപ്പെട്ടാലും അധികാരികൾ വെളിക്കുക ഈ ഷമീനിനെയാണ്.
ഇപ്പോൾ റോഡിൽ മരംവീണ് ഗതാഗത തടസ്സമുണ്ടായാലും വളർത്തുമൃഗങ്ങൾ കിണറിൽപെട്ടാലും സ്കൂൾബസ് മറിഞ്ഞപ്പോഴും ഏതു പ്രതിസന്ധി നേരത്തും ഇപ്പോൾ നാട്ടുകാർ ആദ്യം തപ്പുന്നത് ഷമീറിന്റെ ഫോണ് നന്പറാണ്.
അപകടത്തെ തുടർന്ന് മരണപ്പെട്ട തമിഴ്നാട് നാഗർകോവിൽ സ്വദേശിയുടെ മൃതശരീരം വീട്ടിലെത്തിച്ച് സംസ്ക്കരണ നടപടികൾക്കൊപ്പം നിന്നതും ഷമീറായിരുന്നു. ഇങ്ങനെ ചെറുതും വലുതുമായ പുണ്യപ്രവൃത്തികൾക്ക് പലതും ചെയ്തിട്ടുണ്ട്.
വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. മരംമുറി,കിണർപണി,ഭാരം കയറ്റിറക്കൽ, ഇങ്ങനെ കായികമായ ഏതു ജോലിയും ഷമീറിന് വഴങ്ങും.
കൂലിപ്പണിക്കാരനായ ഷമീറിന്റെ ജീവിതചര്യ പുലർച്ചെ തുടങ്ങും.ആരിൽ നിന്നും പ്രതിഫലം മോഹിച്ചല്ല ഷമീറിന്റെ ഓട്ടം.പ്രതിഫലം ഇച്ഛിക്കാതെ നന്മ ചെയ്യുകയാണ് ഈ ചെറുപ്പക്കാരന്റെ ലക്ഷ്യം.