പാറശാല: ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ആനപ്പുറത്തെഴുന്നള്ളിപ്പിനിടെ പാപ്പാനെ ആന കുത്തിക്കൊന്നു. വെള്ളറടയ്ക്കു സമീപം വെള്ളച്ചിപ്പാറ ഭദ്രകാളിക്കുന്ന് ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ എഴുന്നള്ളത്തിനിടെ ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം.
തൃശൂർ ചിറമണക്കാട് കൈതക്കൽകോന്പിൽ കബീറിന്റെ മകൻ ഷഹീർ (25) ആണ് മരിച്ചത്. ക്ഷേത്രത്തിൽ നിന്നും മൂന്ന് ആനകളുടെ അകന്പടിയോടെ ഇന്നലെ രാവിലെ 9.30 ഓടെ എഴുന്നള്ളത്ത് പുറപ്പെടുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നൽകിയ പൂജകൾ സ്വീകരിച്ചശേഷം മടങ്ങി രാത്രി പത്തോടെ വെള്ളച്ചിപ്പാറ ജംഗ്ഷനിലെത്തുകയും സമീപത്തെ ഇടറോഡിലൂടെ പൂജ സ്വീകരിക്കുവാനായി പോവുകയുമായിരുന്നു.
ഇതിനിടെ പെട്ടെന്ന് ആന പാപ്പാനെ കുത്തിക്കൊന്നത്. ആന ആക്രമണം നടത്തുന്പോൾ തിടന്പേറ്റി രണ്ടുപേർ ആനപ്പുറത്തുണ്ടായിരുന്നു. പാപ്പാനെ കൊന്നശേഷം ആന പ്രകോപനമൊന്നും കൂടാതെ ഇടവഴിയിൽ നിന്നും പ്രധാന റോഡിൽ കടന്ന് നിന്നു. തുടർന്ന് ആനയുടെ ഉടമസ്ഥർ സ്ഥലത്തെത്തി ആനയെ അനുസരിപ്പിക്കുകയായിരുന്നു.
തുടർന്ന് ആനപ്പുറത്തുണ്ടായിരുന്ന രണ്ടുപേരെയും സുരക്ഷിതമായി താഴെയിറക്കി. ഷജീറിന്റെ മൃതദേഹം നെയ്യാറ്റിൻകര ജില്ലാ ആശുപത്രി മോർച്ചറിയിൽ.