കായംകുളം: ബാറിലുണ്ടായ തർക്കത്തെ തുടർന്ന് കായംകുളം കരീക്കുളങ്ങര കരുവറ്റുംകുഴി പുത്തൻപുരക്കൽ താജുദ്ദീന്റെ മകൻ ഷമീർ ഖാ(25)നെ കാർ കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിക്കാൻ നിർണായകമായത് സ്ഥലത്ത് നിന്ന് ലഭിച്ച കാറിന്റെ ഇളകി തെറിച്ചുവീണ നന്പർ പ്ലേറ്റ്.
കാർ നന്പർ പരിശോധിച്ച ശേഷം കാറിലെ ജിപിഎസ് സംവിധാനം ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികൾ സഞ്ചരിച്ച കാർ തിരുവനന്തപുരം കിളിമാനൂർ ബസ് സ്റ്റാൻഡിന് സമീപത്തെ പ്രതികളുടെ സുഹൃത്തിന്റെ വീടിന് സമീപത്ത് നിന്നും പോലീസ് കണ്ടെത്തിയത്. രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളിൽ ഒരാളെ അപ്പോൾ തന്നെ പോലീസിന് കസ്റ്റഡിയിൽ എടുക്കാനും കഴിഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ബാക്കി പ്രതികളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കൊല്ലപ്പെട്ട ഷമീർ ഖാന്റെ വിവാഹം ഉറപ്പിച്ച ചടങ്ങുമായി ബന്ധപ്പെട്ട പാർട്ടിക്കായി രാത്രി 11 ഓടെ ചിറക്കടവത്തെ ബാറിലെത്തി. സമയം കഴിഞ്ഞതിനാൽ ബാർ അടച്ചെന്നും മദ്യം നൽകാൻ കഴിയില്ലെന്നും സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞു. ഇതേ തുടർന്ന് ജീവനക്കാരും ഷമീർ ഖാനുമായി തർക്കമുണ്ടായി. ഈസമയം കാറിലെത്തിയ പ്രതികളുടെ സംഘം ഷമീർ ഖാനും മറ്റുമായി വാക്കുതർക്കമുണ്ടായി.
ഇതിനിടെ കാറിലെത്തിയ സംഘത്തിലെ ഒരാൾ ബിയർ കുപ്പി കൊണ്ട് ഷമീർ ഖാനെ അടിച്ചു. പിന്നിട് ഷമീർ ഖാനും സംഘവും ബാറിനു പിന്നിലൂടെയുള്ള റോഡിലൂടെ പോകവെ കാറിലെത്തിയ സംഘം നടന്നു നീങ്ങിയ ഷമീർഖാനെയും സുഹൃത്തുക്കളെയും കാറിടിപ്പിച്ച് വീഴ്ത്തി. റോഡിൽ വീണു കിടന്ന ഷമീർ ഖാന്റെ തലയിലൂടെ കാർ കയറ്റിയിറക്കുകയായിരുന്നു. തല പൂർണമായി തകർന്ന ഷമീർ ഖാൻ തത്ക്ഷണം മരിച്ചു. കാറിടിച്ചതിനെ തുടർന്ന് സുഹൃത്തുക്കളായ വിഷ്ണു, സഞ്ജയ് എന്നിവർക്കും പരുക്കേറ്റു.
മറ്റൊരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ രക്ഷപ്പെട്ടിരുന്നു. പോലീസാണ് ഷമീർഖാനെ ആശുപത്രിയിലെത്തിച്ചത്. സംഭവം നടന്ന സ്ഥലത്തുനിന്ന് ലഭിച്ച കാറിന്റെ നന്പർ പ്ലേറ്റ് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ കുറിച്ചുള്ള സൂചന ലഭിച്ചത്. സംഭവശേഷം ദേശീയപാതവഴി പോയ കാർ കിളിമാനൂരിൽ എത്തുകയും അവിടെയുള്ള കായംകുളം സ്വദേശിയായ സുഹൃത്ത് സുഭാഷിന്റെ വീട്ടിൽ പ്രതികൾ അഭയം തേടാൻ ശ്രമിക്കുകയുമായിരുന്നു.
പോലീസിനെ കണ്ട് സംഘം ഓടി രക്ഷപ്പെട്ടു. ഇതിനിടെ സമീപത്തെ കാട്ടിൽ ഒളിച്ച ഐക്യജംഗ്ഷൻ വലിയ വീട്ടിൽ ഷിയാസിനെ (21) നെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കായംകുളം മത്സ്യ മാർക്കറ്റിനു സമീപം പുത്തൻ കണ്ടത്തിൽ അജ്മൽ (20) കൊറ്റുകുളങ്ങര മേനാം തറയിൽ സഹീൽ (21) എന്നിവരാണ് മറ്റു പ്രതികൾ. അജ്മലായിരുന്നു കാർ ഓടിച്ചിരുന്നതെന്നു പോലീസ് പറഞ്ഞു.