തൃശൂർ: ഷെമീർ കൊലക്കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്ത് റിമാൻഡിൽ കഴിയുന്ന ആറ് ജയിൽ ഉദ്യോഗസ്ഥരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ഇന്ന് ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.
വിശദമായ ചോദ്യം ചെയ്യലിനും തിരിച്ചറിയൽ പരേഡിനും മറ്റുമുള്ള നടപടികൾക്കായി ഇവരെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടതുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് അപേക്ഷ നൽകുന്നത്.
പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടിയാലുടൻ ക്രൈംബ്രാഞ്ചിന്റെ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യൽ ആരംഭിക്കും.
എവിടെയെല്ലാം വെച്ചാണ് ഷെമീറിനെ മർദ്ദിച്ചത്, എന്തായിരുന്നു മർദ്ദനത്തിനുള്ള കാരണം തുടങ്ങിയ കാരണങ്ങളിൽ വ്യക്തത വരുത്തും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും വിശദമായ ചോദ്യം ചെയ്യലിലേ വ്യക്തമാകൂ.
പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഏതു രീതിയിൽ വേണമെന്നും നിശ്ചയിച്ചിട്ടില്ല. കോവിഡ് സെന്ററിൽ ഷെമീറിനൊപ്പമുണ്ടായിരുന്ന മറ്റു പ്രതികളെ വിയ്യൂരിലേക്ക് കൊണ്ടുവരുമോ അതോ വീഡിയോ കോണ്‍ഫറൻസിംഗ് വഴിയാകുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
ഷെമീറിന്റെ ഭാര്യയും ജയിൽ ഉദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് പരസ്യമായി പരാതി ഉന്നയിച്ചിരുന്നു. ഇവരുടെ മൊഴി നേരത്തെ പോലീസും മജിസ്ട്രേറ്റും രേഖപ്പെടുത്തിയിരുന്നുവെങ്കിലും പുതിയ പശ്ചാത്തലത്തിൽ ക്രൈംബ്രാഞ്ചും ഇവരുടെ മൊഴി രേഖപ്പെടുത്താൻ സാധ്യതയുണ്ട്.
ജില്ലാ ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ അരുണ്‍, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർമാരായ വിവേക്, രമേശ്, പ്രദീപ്, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസർ സുഭാഷ്, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ട് രാഹുൽ എന്നിവരെയാ ണ് അറസ്റ്റു ചെയ്തത്.
ആറുപേർക്കെതിരെയും 302-ാം വകുപ്പനുസരിച്ച് കൊലക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്. അനുബന്ധ വകുപ്പുകളിലായി ആസൂത്രിതമായ മർദനം, സംഘം ചേർന്നുള്ള മർദനം എന്നിവയും ചുമത്തിയിട്ടുണ്ട്.
ഷെമീറിനു ക്രൂരമർദനമേറ്റിരുന്നുവെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. ശരീരത്തിൽ നാല്പതിലേറെ മുറിവുകളുണ്ടായിരുന്നു. തലയ്ക്കു ക്ഷതമേറ്റിരുന്നു. വാരിയെല്ലുകളും മറ്റും പൊട്ടിയിരുന്നു. ശരീരത്തിന്റെ പിൻഭാഗത്ത് അടിയേറ്റ് രക്തം വാർന്നുപോയിരുന്നുവെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.
കഞ്ചാവുകേസിൽ പിടിയിലായി കോവിഡ് സെന്ററിൽ നിരീക്ഷണത്തിലിരിക്കെ ഷെമീറിന് അപസ്മാരം വന്നുവെന്നും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചെന്നുമായിരുന്നു ആദ്യം പുറത്തുവന്ന വിവരം.
എന്നാൽ ഇതു കൂടെയുണ്ടായിരുന്ന ഭാര്യയടക്കമുള്ള പ്രതികൾ തള്ളിയിരുന്നു. ഷെമീറിനു കോവിഡ് സെന്ററിൽ മർദനമേറ്റിരുന്നുവെന്ന് ഇവർ വ്യക്തമാക്കിയിരുന്നു.പോസ്റ്റുമോർട്ടത്തിൽ മർദ്ദനമേറ്റെന്ന ആരോപണം തീർത്തും ശരിവയ്ക്കുന്ന നിഗമനങ്ങളാണുണ്ടായത്.
ഇതോടെ അന്പിളിക്കലയിലെ പല മൂന്നാംമുറകളും പുറത്തുവന്നു. ശാസ്ത്രീയമായി നടന്ന അന്വേഷണത്തിൽ ജയിൽ ഉദ്യോഗസ്ഥരായ ആറു പേരെ അറസ്റ്റു ചെയ്തതു കേരള ചരിത്രത്തിൽതന്നെ ആദ്യമായിട്ടാകാമെന്ന് അധികൃതർ പറയുന്നു.
തൃശൂർ ക്രൈം ബ്രാഞ്ച് എസ്പി സുദർശന്റെ മേൽനോട്ടത്തിൽ ഡിവൈഎസ് പി സുകുമാരനാണ് കേസന്വേഷണത്തിനു ചുക്കാൻ പിടിച്ചത്.