തലശേരി: ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി. ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി അര്‍ദ്ധ രാത്രിയില്‍ പോലീസിന്റെ മിന്നല്‍ റെയ്ഡ്. എഎസ്പി ചൈത്ര തെരേസ ജോണ്‍, ന്യൂ മാഹി പ്രിന്‍സിപ്പല്‍ എസ്ഐ പി.കെ.സുമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സായുധ സേനയാണ് ന്യൂ മാഹി, മാഹി പ്രദേശങ്ങളില്‍ റെയ്ഡ് നടത്തിയത്.
രാത്രി പതിനൊന്നിന് ആരംഭിച്ച റെയ്ഡ് പുലര്‍ച്ചെ മൂന്നുവരെ നീണ്ടു നിന്നു.റെയ്ഡില്‍ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുള്ളതായി അറിയുന്നു. എന്നാല്‍ റെയ്ഡ് നടത്തിയത് സ്ഥിരീകരിച്ച എഎസ്പി ആരേയും കസ്റ്റഡിയിലെടുത്തിട്ടുല്ലെന്ന് വ്യക്തമാക്കി.
ബംഗളൂരുവിൽ നിന്ന് അന്വേഷണ സംഘം ഞായറാഴ്ച പിടികൂടിയ സിപിഎം പ്രവര്‍ത്തകന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കായി ഇന്നലെ പോലീസ് മിന്നല്‍ റെയ്ഡ് നടത്തിയത്.
നിലവില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരെ അന്വേഷണം സംഘം വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇതിനിടയില്‍ കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട സമയത്ത് പള്ളൂരില്‍ നിന്നും ബൈക്കില്‍ രണ്ട് പേര് അതിവേഗത്തില്‍ ന്യൂ മാഹി പെരിങ്ങാടിയില്‍ എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
ഇവര്‍ എത്തിയ ശേഷമാണ് ഇവരുള്‍പ്പെടെ ആറംഗസംഘം ആയുധവുമായി റോഡിലിറങ്ങുകയും അതുവഴി വന്ന ഷമേജിനെ വക വരുത്തുകയും ചയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
പോലീസ് ഭാഷയില്‍ “സര്ജന്മാർ’എന്ന് വിളിക്കപ്പെടുന്ന കൊലയാളി സംഘങ്ങള്‍ ബാബു കൊല്ലപ്പെട്ടതറിഞ്ഞ് പെട്ടെന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകരെ തേടി റോഡിലിറങ്ങിയെന്നും ഇതേ സമയം അതുവഴി വന്ന ഷമേജിനെ വകവരുത്തുകയുമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
എന്നാല്‍ ഏതെങ്കിലും നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണോ ബാബു കൊല്ലപ്പെട്ടയുടന്‍ പള്ളൂരില്‍ നിന്നും ബൈക്കില്‍ രണ്ട് പേര് പെരിങ്ങാടിയിലേക്ക് വന്നതെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
കൊലയാളി സംഘത്തിലെ ആറുപേരേയും ഇതിനകം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെല്ലാവരും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.നിലവില്‍ കസ്റ്റഡിയിലുള്ളവരില്‍ ഒരാളാണ് സംഭവത്തിലെ മുഖ്യ സൂത്രധാരകനെന്നാണ് സൂചന.
എന്നാല്‍ ഇയാളുടെ റോള്‍ സ്ഥിരീകരിക്കുന്നതിനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്.കൊലയാളി സംഘത്തെ കൂടി പിടികൂടിയ ശേഷം മാത്രമേ നിലവില്‍ കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയുള്ളൂ. ഇതു കൂടുതല്‍ പ്രതികളെ വലയിലാക്കാനുള്ള പോലീസിന്റെ സമ്മര്‍ദ്ദ തന്ത്രമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.
കസ്റ്റഡിയിലുള്ള മൂന്നു പേരില്‍ രണ്ട് പേര് നിരപരാധികളാണെന്നും വ്യക്തമായിട്ടുണ്ട്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയിക്കുന്ന പ്രതികളുടെയെല്ലാം മൊബൈൽ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.നിലവില്‍ കസ്റ്റഡിയിലുള്ളവരെ എഎസ്പി ചൈത്ര തെരേസ ജോണ്‍, സിഐ കെ.ഇ. പ്രേമചന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചോദ്യം ചെയ്തു വരുന്നത്.
കഴിഞ്ഞ ഏഴിന് രാത്രിയാണ് ഷമേജ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് പള്ളൂരില്‍ സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട വിവരമറിഞ്ഞ് പെരിങ്ങാടി കൊമ്മോത്ത് പീടികയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങവെയാണ് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ പോണ്ടിച്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ഷമേജ് വധത്തില്‍ ഇതു വരെ ഒരു അറസ്റ്റ് പോലും കേരള പോലീസിന് നടത്താന്‍ സാധിച്ചിട്ടില്ല. നിരവധി രാഷ്ട്രീയ കൊലപാതക കേസുകള്‍ കൈകാര്യം ചെയ്യുകയും കൊലയാളി സംഘങ്ങളെ പിടികൂടുകയും ചെയ്തിട്ടുള്ള കണ്ണൂര്‍ ജില്ലയിലെ പോലീസ് സേനക്ക് ഷമേജ് കൊല്ലപ്പെട്ട് ഒരാഴ്ച പിന്നിട്ടും ഒരാളെ പോലും പിടിക്കാന്‍ സാധിക്കാത്തത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.