മലപ്പുറം: കടലുണ്ടിപ്പുഴയിൽ ഇന്നലെ കാണപ്പെട്ട മൃതദേഹം പിതൃസഹോദരൻ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ എടയാറ്റൂർ മങ്കരത്തൊടി അബ്ദുൾ സലീമിന്റെ മകനും നാലാംക്ലാസ് വിദ്യാർഥിയുമായ മുഹമ്മദ് ഷഹീന്റെ (ഒന്പത്) താണെന്നു തിരിച്ചറിഞ്ഞു.
അഞ്ചുദിവസത്തെ തെരച്ചിലിനൊടുവിൽ ഇന്നലെ വൈകുന്നേരം ആറരയോടെ കടലുണ്ടിപ്പുഴയിലെ പടിഞ്ഞാറുമണ്ണ പാറക്കടവ് നെച്ചിക്കുറ്റി കടവിനു താഴെയായി മരച്ചില്ലകൾക്കിടയിൽ നിന്നാണ് ജീർണിച്ച നിലയിൽ സമീപവാസികൾ മൃതദേഹം കണ്ടത്.
ഉടനെ മലപ്പുറം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കുട്ടിയുടെ പിതാവും ബന്ധുക്കളും സ്കൂൾ അധ്യാപകനുമെത്തി മൃതദേഹം തിരിച്ചിറഞ്ഞു. കുട്ടി ധരിച്ചിരുന്ന വസ്ത്രം അടക്കം പരിശോധിച്ചശേഷമാണ് തിരിച്ചറിഞ്ഞത്.
ഇന്നു രാവിലെ എട്ടിനു മേലാറ്റൂർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്നു പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകളും നടത്തേണ്ടതുണ്ട്.
ഇന്നലെ രാത്രി എട്ടരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. കുട്ടിയെ പുഴയിലെറിഞ്ഞ ആനക്കയം പുള്ളിലങ്ങാടിയിൽ നിന്നു ഏതാണ്ടു എട്ടു കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ അഞ്ചുദിവസമായി ഷഹീനെ കണ്ടെത്താൻ കടലുണ്ടിപ്പുഴയിൽ വ്യാപകമായി തെരച്ചിൽ നടത്തിവരികയായിരുന്നു. ഇക്കഴിഞ്ഞ 13നാണ് മേലാറ്റൂർ എടയാറ്റൂർ മങ്കരത്തൊടി സലീമിന്റെ മകൻ ഷഹീനെ കാണാതായത്.
സ്കൂളിലേക്കു പോയ കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്നു വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതിനിടെ കുട്ടിയെ ബാഗും യൂണിഫോമും ആനക്കയം പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയതു സംശയങ്ങളുയർത്തിയിരുന്നു. കുട്ടിയെ കാണാതായ വിവരം സോഷ്യൽമീഡിയ വഴി നാട്ടിൽ പ്രചരിച്ചിരുന്നു.
കുട്ടിയെ കണ്ടെത്താൻ പോലീസ് നടപടിയെടുക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ മേലാറ്റൂർ പോലീസ് സ്റ്റേഷനിലേക്കു 18ന് പ്രതിഷേധ മാർച്ചും നടത്തി. ഇതിനിടെ ഷഹീനുമായി പിതൃസഹോദരൻ മങ്കരത്തൊടി മുഹമ്മദ് ബൈക്കിൽ പോകുന്നത് മേലാറ്റൂരിലെ ഒരു സി.സി.ടി.വി കാമറയിൽ പതിഞ്ഞത് സംശയത്തിനിടയാക്കി.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ മുഹമ്മദ് തട്ടികൊണ്ടു പോകുകയും പുഴയിലേക്കെറിഞ്ഞ് കൊലപ്പെടുത്തുകയുമായിരുന്നെന്ന് കണ്ടെത്തി. കുറ്റസമ്മതം നടത്തിയ മുഹമ്മദിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളിപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. തെളിവെടുപ്പും ഇന്നു നടക്കും.
ഷഹീന്റെ പിതാവ് സലീമിൽ നിന്നു അഞ്ചു ലക്ഷം രൂപ തട്ടിയെടുക്കാനായി കുട്ടിയെ മുഹമ്മദ് തട്ടികൊണ്ടു പോകുകയായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. 13 ന് രാവിലെ സ്കൂളിൽ പോകും വഴി ഷഹീനെ ബൈക്കിൽ കയറ്റുകയായിരുന്നു. കുട്ടിയെ തിരിച്ചറിയാതിരിക്കാൻ തലയിൽ ഹെൽമറ്റ് ധരിപ്പിച്ചു. തുടർന്ന് കുട്ടിയുമായി വളാഞ്ചേരിയിലെത്തി തിയേറ്ററിൽ നിന്ന് സിനിമ കണ്ടു.
പിന്നീട് തുണിക്കടയിൽ കയറി യൂണിഫോം മാറ്റി പുതിയ ഷർട്ട് വാങ്ങിക്കൊടുത്തു. കുട്ടിയെ മുറിയിൽ പൂട്ടിയിട്ട് തനിക്കു പരിചയമുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയെന്ന് സഹോദരനെ ധരിപ്പിച്ച് പണം തട്ടിയെടുക്കാനായിരുന്നു പദ്ധതി.
എന്നാൽ കുട്ടിയെ കാണാനില്ലെന്ന വാർത്ത നാട്ടിൽ പരന്നതോടെ മുഹമ്മദ് പരിഭ്രാന്തനായി. കുട്ടിയെ ഒളിപ്പിക്കാൻ കഴിയില്ലെന്നായതോടെ ആനക്കയത്തെത്തി പാലത്തിൽ നിന്ന് താഴേക്കെറിയുകയായിരുന്നു.പ്രളയത്തിൽ പുഴ നിറഞ്ഞതിനാൽ കുട്ടി പുഴയിൽ വീണതാണെന്ന് ധരിപ്പിക്കാനായിരുന്നു പ്രതിയുടെ നീക്കം. 18 ന് നാട്ടുകാർ പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ മുഹമ്മദും പങ്കെടുത്തിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തെങ്കിലും കുട്ടിക്ക് എന്തുപറ്റിയെന്ന് കണ്ടെത്താൻ പോലീസിനു കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ഏതാനും ദിവസമായി കടലുണ്ടിപ്പുഴയിൽ വിവിധ ഭാഗങ്ങളിൽ പോലീസും ഫയർഫോഴ്്സും തെരച്ചിൽ നടത്തി വരികയായിരുന്നു. മൽസ്യതൊഴിലാളികളുടെ സഹായത്തോടെ കടലിൽ തെരച്ചിൽ നടത്താൻ പോലീസ് തയാറെടുത്തു വരികയായിരുന്നു. ഇതിനിടെയാണ് ഇന്നലെ മൃതദേഹം കാണപ്പെട്ടത്.