മുംബൈ: ഭാര്യ ഹസിന് ജഹാനുമായി ഇനി ഒത്തുപോകുക സാധ്യമല്ലെന്നു ക്രിക്കറ്റർ മുഹമ്മദ് ഷമി. ഹസിനുമായുള്ള പ്രശ്നം പറഞ്ഞ് തീര്‍ക്കാമെന്ന് ആദ്യം ഷമി വ്യക്തമാക്കിയെങ്കിലും വിവാദം കടുത്തതോടെ ആദ്യ വിവാഹം മറച്ചുവച്ച് ഹസിന് തന്നെ വഞ്ചിക്കുകയായിരുന്നെന്നും ഹസിന് ആദ്യ വിവാഹത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ ഉണ്ടെന്ന് തന്നോട് പറഞ്ഞിരുന്നില്ലെന്നും ഷമി തുറന്നടിച്ചിരുന്നു.
മരിച്ചുപോയ സഹോദരിയുടെ മക്കളാണ് എന്നാണ് സ്വന്തം മക്കളെക്കുറിച്ച് ഹസിന് ജഹാന് തന്നോടും കുടുംബത്തോടും പറഞ്ഞിരുന്നതെന്നും ഷമി പറയുന്നു. അലിഷ്ബയെന്ന പാക്കിസ്ഥാനി സ്ത്രീയുമായി ബന്ധമുണ്ടെന്ന ആരോപണവും ഷമി നിഷേധിച്ചു. ദുബായില്‍ എനിക്കുള്ള ആരാധികമാരിലൊരാളാണ് അലിഷ്ബ. അവരുടെ പേര് വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്.
അതിനിടെ, ഷമിക്കെതിരേ ഹസിന് ജഹാന് ഉന്നയിച്ച അവിഹിത ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ വ്യാജമാണെന്നു സംശയിക്കാവുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഹസിന് പുറത്തുവിട്ട വാട്സ്ആപ്, ഫേസ്ബുക്ക് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാജമാണെന്നാണ് സംശയിക്കപ്പെടുന്നത്. ചാറ്റ് സ്ക്രീന്‍ ഷോട്ടുകളിലൊന്നില്‍ ദിവസം കാണിക്കുന്നത് 2018 ജനുവരി 26 ആണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് നടന്ന ദിവസമാണ് അത്. സ്ക്രീന്‍ ഷോട്ടില്‍ പറയുന്ന സമയത്ത് ഷമി ബാറ്റ് ചെയ്യുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഷമിക്കെതിരായ ആരോപണങ്ങൾ സത്യമാണെന്നു വിശ്വസിക്കുന്നില്ലെന്നു ഹസിന്റെ ആദ്യ വിവാഹത്തിലെ മകൾ വ്യക്തമാക്കി. ഹസിന്റെ അച്ഛനും ഷമിയെ പിന്തുണച്ച് രംഗത്തെത്തി.