ന്യൂഡൽഹി: ഭർതൃസഹോദരനുമായി ശാരീരിക ബന്ധത്തിലേർപ്പെടാൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷാമി തന്നെ നിർബന്ധിച്ചുവെന്ന് ഭാര്യ ഹസിൻ ജഹാൻ. ഹസിന്റെ പരാതിയിൽ പോലീസ് ഷമിക്കെതിരേ കേസെടുത്തതിനു പിന്നാലെയാണ് ഇവരുടെ വെളിപ്പെടുത്തൽ.
സഹോദരന്റെ മുറിയിൽ ബലം പ്രയോഗിച്ചുതന്നെ കയറ്റിയെന്നും ഷാമിയുടെ സഹോദരൻ തന്നെ കടന്നു പിടിച്ചെന്നും ഹസിൻ വെളിപ്പെടുത്തി. പിന്നീട് താൻ ബഹളംകൂട്ടിയതിനെ തുടർന്നാണ് ഷാമി വാതിൽ തുറന്ന് തന്നെ മോചിപ്പിച്ചതെന്നും ഹസിൻ ആരോപിച്ചു.
മാനഭംഗശ്രമം, കൊലപാതശ്രമം, ഭാര്യയെ ദേഹോപദ്രവം ഏൽപ്പിക്കൽ, ക്രൂരമായി മുറിവേൽപ്പിക്കൽ, ഭീഷണിപ്പെടൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഷാമിക്കെതിരേ കേസെടുത്തിരിക്കുന്നത്. ഷാമിയുടെ അമ്മ, സഹോദരി, സഹോദരൻ, സഹോദര ഭാര്യ എന്നിവർക്കെതിരേയും കേസ് രജിസ്റ്റർ ചെയ്തു. ഷാമിയെ തത്ക്കാലം അറസ്റ്റ് ചെയ്യുന്നില്ലെങ്കിലും അന്വേഷണവുമായി സഹകരിക്കാതിരുന്നാൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
രണ്ടു വർഷമായി ഷാമി തന്നെ നിരന്തരമായി പീഡിപ്പിക്കുകയാണെന്ന് ഹസിൻ ഫേസ്ബുക്കിലൂടെ ആദ്യം ആരോപിച്ചത്. ഇതിനു പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്. ഷാമിക്ക് ഒരു പാക്കിസ്ഥാൻകാരിയുമായും ദുബായിലുള്ള സ്ത്രീയുമായും ബന്ധമുണ്ടെന്ന് ഹസിൻ ആരോപിച്ചു.
കോഹ്ലിയെപ്പോലെ ബോളിവുഡ് താരത്തെ വിവാഹം ചെയ്യാനാണ് ഷാമിക്കു താത്പര്യമെന്നും അവർ ആരോപിച്ചു. ഷാമി പാക്കിസ്ഥാനി യുവതിയുമായി നടത്തിയ ചാറ്റിന്റെ സ്ക്രീൻ ഷോട്ടാണു തെളിവായി അവർ പുറത്തുവിട്ടിരുന്നു. ഷാമി മറ്റു സ്ത്രീകൾക്കൊപ്പം നിൽക്കുന്ന ചിത്രങ്ങളും ഹസിൻ പോസ്റ്റ് ചെയ്തു.
ഭാര്യയുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനാൽ ബിസിസിഐയുടെ കളിക്കാരുടെ കരാർ ലിസ്റ്റിൽനിന്നു ഷാമിയെ ഒഴിവാക്കിയിട്ടുണ്ട്.