മാഞ്ചസ്റ്റർ: ന്യൂസിലൻഡിനെതിരേ പേസർ മുഹമ്മദ് ഷാമി, റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവ് എന്നിവരെ ഒഴിവാക്കിയാണ് വിരാട് കോഹ്ലി ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ ഇറക്കിയത്. ഷാമിയെ ഒഴിവാക്കിയതിനെതിരേ ഇന്ത്യൻ ക്രിക്കറ്റ് മുൻ താരങ്ങളടക്കം വിമർശനമുന്നയിച്ചു.
നാല് മത്സരങ്ങളിൽനിന്ന് 14 വിക്കറ്റ് വീഴ്ത്തിയ ഷാമിയെ ഇന്നലെ ടീമിൽ ഉൾപ്പെടുത്തണമെന്ന അഭിപ്രായവുമായി സൗരവ് ഗാംഗുലി, ആകാശ് ചോപ്ര തുടങ്ങിയവർ രംഗത്തെത്തി. ലീഗ് റൗണ്ടിൽ ഇന്ത്യയുടെ അവസാന മത്സരമായ ശ്രീലങ്കയ്ക്കെതിരേയും ഷാമി പ്ലേയിംഗ് ഇലവനിൽ ഇല്ലായിരുന്നു.
ഡെത്ത് ഓവറിൽ ഷാമി റണ്‍ വഴങ്ങുന്നതാണ് പ്ലേയിംഗ് ഇലവനിൽനിന്ന് ഒഴിവാക്കാൻ കാരണം. മികച്ച ബൗളർമാരെ (ഷാമി, കുൽദീപ്) ഒഴിവാക്കി ഭേദപ്പെട്ട ഓൾ റൗണ്ടർമാരെ (ഭുവി, ജഡേജ) ഉൾപ്പെടുത്തുകയാണ് കോഹ്ലി ചെയ്തത്.
എന്നാൽ, ഇന്നലെ മത്സരം 46.1 ഓവർ പൂർത്തിയായപ്പോൾ മഴ എത്തിയതോടെ ചർച്ചകൾ ഭുവി x ഷാമി എന്ന രീതിയിലേക്ക് മാറി. ഈ ലോകകപ്പിൽ ആദ്യത്തെ 46 ഓവറിൽ ഭുവനേശ്വറിന്റെ സ്ട്രൈക്ക് റേറ്റ് 62 ആണ്. ഇന്നലത്തെ മത്സരത്തിൽ 49ഉം. ഷാമിയുടെ സ്ട്രൈക്ക് റേറ്റ് ആകട്ടെ ആദ്യ 46 ഓവറിൽ 20.44 ആണ്.
മാഞ്ചസ്റ്ററിലെ പുതിയ പിച്ചിൽ ഇന്നലത്തെ സാഹചര്യം പരിഗണിക്കുന്പോൾ ഷാമി, ഭുവനേശ്വർ 8.1 ഓവറിൽ വീഴ്ത്തിയതിനേക്കാൾ (ഒരു വിക്കറ്റ്) വിക്കറ്റ് നേടുമെന്നും അഭിപ്രായമുയർന്നു. ആദ്യത്തെ 46 ഓവറിൽ ഭുവനേശ്വറിന്റെ ഇക്കോണമി 5.21 ആണ്, ഷാമിയുടേത് 4.9 ഉം.
അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 211 എന്ന നിലയിൽ ന്യൂസിലൻഡ് നിൽക്കുന്പോൾ മത്സരം മഴ തടസപ്പെടുത്തിയതോടെ ഇന്ത്യ ചേസിംഗിന് ഇറങ്ങിയാൽ 46 ഓവറിൽ ജയിക്കാൻ 237 റണ്‍സ് ആവശ്യമായിരുന്നു. ഷാമി ടീമിലുണ്ടായിരുന്നെങ്കിൽ 229 ആയി ഇന്ത്യയുടെ ലക്ഷ്യം നിജപ്പെടുമായിരുന്നു എന്നും വാദമുയർന്നു.