കോട്ടയം: റെയിൽവേയിൽ ജോലി വാഗ്ദാനം നൽകി നൂറുകണക്കിന് ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത അന്തർ സംസ്ഥാന കുറ്റവാളി അറസ്റ്റിൽ.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥൻ ആണെന്നു പരിചയപ്പെടുത്തി നൂറുകണക്കിന് ആളുകളിൽനിന്നും റെയിൽവേയിൽ ടിക്കറ്റ് ക്ലാർക്ക്,
ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് സ്റ്റേഷൻ മാസ്റ്റർ തുടങ്ങിയ ജോലികൾ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കാസർഗോഡ് കാഞ്ഞങ്ങാട് കമ്മാടം കുളത്തിങ്കൽ പി.ഷമീം (33) ആണ് അറസ്റ്റിലായത്.
ഷമീം പുഴക്കര, ഷാനു ഷാൻ എന്നീ അപര നാമങ്ങൾ ഇപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തുന്നത്.
തട്ടിപ്പിനിരയായവരിൽ ചിലർ കഴിഞ്ഞദിവസം കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ് കുമാറിനു പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പിടിയിലായത്.
തുടർന്ന് ജില്ലാ പോലിസ് ചീഫ് ഡി. ശില്പയുടെ നിർദ്ദേശമനുസരിച്ച് സബ് ഇൻസ്പെക്്ടർമാരായ കെ.ആർ. പ്രസാദ്, വി.എസ്. ഷിബുക്കുട്ടൻ , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. ആർ.അരുണ് കുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ്് പ്രതിയെ പിടികൂടിയത്.
ഒളിവിൽ കഴിഞ്ഞത് തിരുവനന്തപുരത്ത്
തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാൾ ബംഗളൂരുവിലേക്ക് രക്ഷപ്പെടാൻ തയാറെടുക്കുന്നതിനിടെയാണ് പോലിസ് പിടിയിലാകുന്നത്.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ ഒഎംആർ ഷീറ്റുകൾ, മെഡിക്കൽ പരിശോധനാ സർട്ടിഫിക്കറ്റുകൾ, വിവിധ സീലുകൾ, നിയമന ഉത്തരവുകൾ,
സ്ഥലംമാറ്റ ഉത്തരവുകൾ എന്നിവ ഒറിജിനലിനെ വെല്ലുന്ന രീതിയിൽ വ്യാജമായി ഉണ്ടാക്കിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. റയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ചീഫ് എക്സാമിനർ,
ചീഫ് ഇൻസ്പെക്്ടർ തുടങ്ങിയ പദവികളുള്ള സ്വന്തം ഫോട്ടോ ഒട്ടിച്ച ഐഡന്റിറ്റി കാർഡുകളും വ്യാജമായി നിർമ്മിച്ച് ഉപയോഗിച്ചു വരികയും ചെയ്തിരുന്നു.
മെഡിക്കൽ ടെസ്റ്റിനായും, ഒഎംആർ രീതിയിലുള്ള പരീക്ഷകൾക്കായും ഇയാൾ ആളുകളെ ചെന്നൈ, ബംഗളൂർ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ വിളിച്ചു വരുത്തി ഹോട്ടൽ മുറികളിൽ ഇരുത്തി പരീക്ഷകൾ നടത്തുകയാണ് പതിവ്.
നൂറോളം ആളുകളിൽ നിന്നായി നാല്പത്തി എട്ടു ലക്ഷം രൂപയുടെ തട്ടിപ്പാണ് ഇത്തവണ നടത്തിയിരിക്കുന്നത് എന്നാണു പ്രാഥമിക നിഗമനം.
മുന്പും തട്ടിപ്പ് നടത്തി
നീലേശ്വരം, പൂജപ്പുര, കഴക്കൂട്ടം, കോട്ടയം ഈസ്റ്റ്, കൊട്ടാരക്കര, ചാലക്കുടി, എറണാകുളം സൗത്ത്, സുൽത്താൻബത്തേരി, വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇതിനു മുൻപ് സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഈ കേസുകളിൽ ജാമ്യത്തിൽ നടക്കുന്നതിനിടയിലാണ് വീണ്ടും തട്ടിപ്പ് ആവർത്തിക്കുന്നത്.
ഇതിനു മുൻപ് നടത്തിയ തട്ടിപ്പുകളിൽ ഏകദേശം ഇരുന്നൂറു കോടിയിൽ അധികം തുക ഇയാൾ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നാണു പ്രാഥമിക നിഗമനം.
നെടുന്പാശേരി വിമാനത്താവളം വഴി വിദേശത്തുനിന്നു മുപ്പത്തേഴു കിലോ സ്വർണം കടത്തിയതിന് നെടുന്പാശേരി പോലിസ് കേസ് എടുക്കുകയും തുടർന്ന് കേസ് എൻഫോഴ്സ്മെന്റ് ഡയറക്്ടറേറ്റ് ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.
പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാൾ ട്രെയിനിൽ പാൻന്്രടി കാറിൽ ജോലിക്കാരനായിരുന്ന സമയത്ത് ട്രെയിൻ ടിക്കറ്റ് എക്സാമിനറുടെ വേഷം ധരിച്ച് തട്ടിപ്പ് നടത്തിയതിനു സേലം റെയിൽവേ പോലീസ് ഇയാൾക്കെതിരേ കേസെടുത്തിരുന്നു.
നിരവധി ഹവാലാ ഇടപാടുകളിലും കാരിയർ ആയി വര്ത്തിച്ചിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ചു വരുന്നു.
തട്ടിപ്പിലൂടെ സന്പാദിച്ച പണം ബംഗളൂരുവിലും മറ്റും പബുകളും ഡാൻസ് ബാറുകളും വാങ്ങുവാൻ ഉപയോഗിച്ചു എന്നാണു പ്രാഥമിക നിഗമനം.
ദിവസേന പതിനായിരക്കണക്കിനു രൂപയുടെ ലോട്ടറി എടുക്കുന്ന ഇയാൾ സാധാരണക്കാരായ ലോട്ടറി കച്ചവടക്കാർക്കും ലോട്ടറി എടുത്ത വകയിൽ ലക്ഷക്കണക്കിന് രൂപ നല്കാനുള്ളതായി അറിവായിട്ടുണ്ട്.