ലണ്ടൻ: ബ്രിട്ടനിൽ മടങ്ങിയെത്താൻ കോടതി അനുമതി നൽകിയതോടെ രൂപം മാറ്റി ഐഎസ് വധു എന്നു വിളിക്കപ്പെടുന്ന ഷമീമ ബീഗം. സിറിയയിലെ അഭയാർഥി ക്യാന്പിലുളള ഷമീമയുടെ പുതിയ ചിത്രം ചില ബ്രിട്ടീഷ് മാധ്യമങ്ങളാണ് പുറത്തുവിട്ടത്.
മുന്പ് പുറത്തുവന്നിട്ടുളള ചിത്രങ്ങളിൽ ഷമീമ ബൂർഖ ധരിച്ചിരുന്നു. എന്നാൽ കോടതി വിധിക്ക് പിന്നാലെ ജീൻസും ടീഷർട്ടും തൊപ്പിയും ധരിച്ചുള്ള ഷമീമയുടെ ചിത്രമാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്. ബംഗ്ലാദേശ് വംശജയായ ഇവർ 2015ൽ പതിനഞ്ചു വയസുള്ളപ്പോൾ സിറിയയിൽ പോയി ഐസിൽ ചേർന്നതാണ്.
കഴിഞ്ഞവർഷമാണ് ബ്രിട്ടൻ പൗരത്വം റദ്ദാക്കിയത്. ഷമീമയുടെ വാദം കേൾക്കാതെയായിരുന്നു നടപടിയെന്നു ചൂണ്ടിക്കാട്ടിയാണ് മടങ്ങിയെത്താൻ കോടതി അനുമതി നല്കിയത്.
ഇതിനെതിരേ അപ്പീൽ നല്കുമെന്ന് ബ്രിട്ടീഷ് ആഭ്യന്തര വകുപ്പ് അറിയിച്ചു. ഷമീമയ്ക്ക് അനുമതി നൽകിയാൽ ഐഎസിൽ ചേർന്ന മറ്റുള്ളവരും ഇതേപാത പിന്തുടർന്ന് ബ്രിട്ടനിൽ എത്തുമെന്നാണ് ആഭ്യന്തര വകുപ്പ് പറയുന്നത്. ബ്രിട്ടനിൽ എത്തിയാലുടൻ ഷമീമയെ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്.