തളിപ്പറമ്പ്: പറശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പാനൂര്‍ സ്വദേശിനിയായ യുവതി അറസ്റ്റില്‍. പാനൂര്‍ മേലെ ചമ്പാട് വാടക വീട്ടില്‍ താമസിക്കുന്ന ഷംന (38) ആണ് അറസ്റ്റിലായത്.
ഇന്നലെ രാവിലെ ചാലക്കുടി സ്വദേശികളുടെ കുട്ടിയുടെ ഒന്നര പവന് സ്വര്‍ണ കാല് വളയാണ് ആദ്യം നഷ്ടപ്പെട്ടത്. പിന്നീട് കോഴിക്കോട് നിന്നെത്തിയ കുട്ടിയുടെ വളകളും നഷടപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ തളിപ്പറമ്പ് പോലിസ് സ്ഥലത്തെത്തി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ ദൃശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്ര പരിസരത്തു നിന്ന് തന്നെയാണ് യുവതി പിടിയിലായത്.
പോലീസ് നടത്തിയ പരിശോധനയില്‍ തിരക്കുള്ള ദിവസങ്ങളിലെല്ലാം പറശിനിക്കടവില്‍ യുവതിയുടെ സാന്നിധ്യം കണ്ടെത്തി. സിഐ എന്‍.കെ.സത്യനാഥന്, എസ്ഐ പുരുഷോത്തമന്, എഎസ്ഐ എ.ജി.അബ്ദുള്‍ റൗഫ്, സ്നേഹേഷ് എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തളിപ്പറമ്പ് മജിസ്ട്രട്ട് മുമ്പാകെ ഹാജരാക്കിയ ഷംനയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.