കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ച കേസിൽ ഒരു നിർമാതാവിനും പങ്കുണ്ടോയെന്നു സംശയം. ബ്ലാക്ക് മെയിൽ കേസിനു പിന്നാലെ ഷംനയുടെ വീട്ടിൽ ഒരു നിർമാതാവ് എത്തിയതാണ് ദുരുഹത സൃഷ്ടിക്കുന്നത്.
ഷംന കാസിമിന്റെ വീട്ടിൽ നിർമാതാവ് എന്നു പരിചയപ്പെടുത്തി ജൂണ്‍ 20നാണ് ഒരാൾ എത്തുന്നത്. ഇയാളെക്കുറിച്ചു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുമെന്നാണ് വിവരം. ഷംന പറഞ്ഞതനുസരിച്ചാണ് വീട്ടിലെത്തിയതെന്നാണ് ഇയാൾ ഷംനയുടെ മാതാപിതാക്കളോട് പറഞ്ഞത്.
എന്നാൽ, മാതാപിതാക്കൾ ഷംനയെ വിളിച്ചപ്പോൾ താൻ അങ്ങനെ ഒരാളെ അങ്ങോട്ട് പറഞ്ഞു വിട്ടിട്ടില്ലെന്നു നടി മാതാപിതാക്കളോട് പറഞ്ഞു. ഇയാളുടെ വരവിനു വിവാഹത്തട്ടിപ്പുമായി ബന്ധമുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
അങ്ങനെയെങ്കിൽ ഇയാളെ അറസ്റ്റ് ചെയ്യാനുളള സാധ്യതയും നിലനിൽക്കുന്നുണ്ട്. ഷംനയെ ഭീഷണിപ്പെടുത്തിയ കേസിൽ വാടാനപ്പള്ളി സ്വദേശിയായ സ്ത്രീയെ ഇന്നു ചോദ്യം ചെയ്യും. ഇതിനിടയിൽ പരാതിക്കാരായ മോഡലുകൾ തങ്ങളെ വഞ്ചിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ അറസ്റ്റും ഇന്നുണ്ടാകുമെന്നറിയുന്നു.
സ്വർണം കണ്ടെടുത്തു
ബ്ലാക്മെയിലിംഗ് കേസിൽ നിരവധി പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി തട്ടിപ്പുസംഘം കൈക്കലാക്കിയ സ്വർണം പോലീസ് വീണ്ടെടുത്തുതുടങ്ങി. സ്വർണം വിൽക്കാൻ സഹായിച്ച എറണാകുളം സ്വദേശി ഷെമീലിനെ അറസ്റ്റ് ചെയ്തതിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഒന്‍പതുപവൻ കണ്ടെടുത്തത്.
വാളയാറിൽ മോഡലുകൾ അടക്കമുള്ള യുവതികളെ പൂട്ടിയിട്ട് സംഘം തട്ടിയെടുത്ത സ്വർണമാണ് കണ്ടെടുക്കുന്നത്. കേസിൽ പോലീസ് കണക്കാക്കുന്ന 12 പ്രതികളിൽ പത്തു പേരും ഇതിനകം അറസ്റ്റിലായിട്ടുണ്ട്. ഒരു പ്രതിയെ കോവിഡ് ബാധിച്ചതിനെത്തുടർന്ന് അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇനി ഒരാളെക്കൂടി മാത്രമാണ് പിടികൂടാനുള്ളത്.
പ്രധാന പ്രതികളെയെല്ലാം അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ അന്വേഷണത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിലാണ് പ്രതികൾ തട്ടിയെടുത്ത വസ്തുക്കൾ വീണ്ടെടുക്കാൻ തീരുമാനിച്ചത്.
പൂട്ടിയിട്ട സംഭവത്തിൽ അന്വേഷണം
നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസ് അവസാനഘട്ടത്തിലാണെങ്കിലും വാളയാറിൽ പെണ്‍കുട്ടികളെ പൂട്ടിയിട്ട് ഉപദ്രവിച്ച കേസിൽ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെളിവെടുപ്പ് പൂർത്തിയാക്കിയ എട്ടു പ്രതികളെ കോടതിയിൽ ഹാജരാക്കി.
വീണ്ടും റിമാൻഡ് ചെയ്ത ഇവരെ അങ്കമാലിയിലെ കോവിഡ് കെയർ സെന്ററിലേക്കു നിരീക്ഷണത്തിനു മാറ്റി. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയവർ തട്ടിക്കൊണ്ടുപോകാൻ ലക്ഷ്യമിട്ടിരുന്നതായി ഐജി വിജയ് സാക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
പ്രതികൾ ഷംനയെ തട്ടിക്കൊണ്ടുപോകാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, നടി പോലീസിൽ പരാതിപ്പെട്ടതോടെ തട്ടിക്കൊണ്ടുപോകൽ പദ്ധതി പാളുകയായിരുന്നു എന്നായിരുന്നു അദേഹം പറഞ്ഞത്.
നടി ഷംന കാസിമിനെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ആരോപണവിധേയനായ ഹെയർ സ്റ്റൈലിസ്റ്റും മേക്കപ്പ് ആർട്ടിസ്റ്റുമായ വ്യക്തിക്ക് ഫെഫ്ക യൂണിയനു കീഴിൽ പ്രവർത്തിക്കുന്ന ഓൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയനുമായി ബന്ധമില്ലെന്ന് ഭാരവാഹികൾ അറിയിച്ചു.
ആരോപണ വിധേയനായ വ്യക്തി മേക്കപ്പ് ആർട്ടിസ്റ്റ് അല്ലെന്നും പ്രസിഡന്റ് ഹസൻ വണ്ടൂറും ജനറൽ സെക്രട്ടറി പ്രദീപ് രങ്കനും അറിയിച്ചു.