ഓരോ മനുഷ്യരുടെയും ജീവിതത്തില്‍ നല്ല സമയവും ചീത്ത സമയവും ഉണ്ടെന്ന് പറയാറുണ്ട്. സിനിമാക്കാരുടെയില്‍ അക്കാര്യത്തില്‍ വലിയ വിശ്വാസവുമുണ്ട്. അതുതന്നെയാണ് നടി ഷംന കാസിമും പറയുന്നത്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഷംന തന്റെ ആശങ്കകള്‍ വെളിപ്പെടുത്തിയത്. തന്റെ നല്ല സമയം ആയിട്ടില്ല. അതാണ് തനിക്ക് നല്ല സിനിമകളൊന്നും കിട്ടാത്തത്. അത്തരത്തില്‍ നല്ല റോളുകളും നല്ല സിനിമകളും കിട്ടാത്തതുകൊണ്ടാണ് താന്‍ ഇപ്പോള്‍ സിനിമയില്‍ സജീവമാകാത്തത്. ഷംന പറഞ്ഞു. മലയാളം എനിക്കു തന്ന നല്ല സിനിമയാണ് ചട്ടക്കാരിയെന്നും അതിലെ പാട്ടുകളെ കുറിച്ച് എവിടെ ചെന്നാലും ആളുകള്‍ നല്ല അഭിപ്രായം പറയാറുണ്ടെന്നും പക്ഷേ അതിനുശേഷം നല്ലതൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ഷംന പറഞ്ഞു.
എന്നിട്ടും മലയാളത്തില്‍ കാസ്റ്റിംഗ് കഴിഞ്ഞ് സിനിമ തുടങ്ങാറാകുമ്പോള്‍ ‘സോറി, ഷംന ഇതിലില്ല’ എന്നു പറയുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ആരാണ് മലയാളത്തില്‍ എന്റെ ശത്രു എന്നെനിക്കറിയില്ല. പക്ഷെ തീര്‍ച്ചയായും ആരോ ഉണ്ട്. ഇനി എന്റെ പെരുമാറ്റമാണോ, മുഖമാണോ മലയാളത്തിന് ചേരാത്തത് എന്നറിയില്ല. ഓടാത്ത പടങ്ങളില്‍ പേരിനു വേണ്ടി മാത്രം അഭിനയിക്കാന്‍ താത്പര്യമില്ല. അന്യഭാഷകളില്‍ നല്ല റോളുകള്‍ കിട്ടുന്നുണ്ട്. അതുകൊണ്ട് അവിടെ സജീവമാകുന്നു എന്നു മാത്രം.- ഷംന പറഞ്ഞു. സിനിമ പോലെ തന്നെ തനിക്ക് ഒരിക്കലും മാറ്റാന്‍ പറ്റാത്ത ഭ്രാന്താണ് ഡാന്‍സെന്നും ഷംന പറഞ്ഞു.
അതെങ്ങനെ വന്നു എന്നു ചോദിച്ചാല്‍ മമ്മി പറയുന്ന കഥയുണ്ട്. എനിക്ക് മൂന്നാലു വയസുള്ളപ്പോള്‍ എന്തോ പരിപാടിയ്ക്കു വേണ്ടി ചേച്ചിമാര്‍ ഡാന്‍സ് പഠിച്ചു. ഞാനതൊക്കെ നോക്കി നിന്നിട്ട് അവര്‍ സ്‌കൂളില്‍ പോയി കഴിയുമ്പോള്‍ തനിയെ നിന്ന് അതേപോലെ ഡാന്‍സ് ചെയ്യുമായിരുന്നു. മമ്മിയാണ് എന്നെ ഡാന്‍സ് പഠിക്കാന്‍ ചേര്‍ത്തത്. ഒരു മുസ്ലിം പെണ്‍കുട്ടി ക്ലാസിക്കല്‍ ഡാന്‍സ് പഠിക്കുന്നത് അന്നു വലിയ സംഭവമായിരുന്നു. ഞങ്ങളുടെ നാടായ കണ്ണൂരിലെ ഒരു ക്ലബ്ബിലാണ് ഞാന്‍ ആദ്യമായി നൃത്തം ചെയ്യുന്നത്, അന്നെന്റെ ഡാന്‍സ് കണ്ട് ആളുകള്‍ നോട്ടുമാല ഇട്ടു തന്നു- ഷംന പറയുന്നു.