കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ മനുഷ്യക്കടത്തിനും കേസെടുത്തു. സംഭവത്തിൽ ഏർപ്പെട്ട അഞ്ചാം പ്രതി കോടതിയിൽ കീഴടങ്ങി.
അബ്ദുൾ സലാമാണ് എറണാകുളം ജില്ലാ സെക്ഷൻസ് കോടതിയിൽ അഭിഭാഷകനോടൊപ്പമെത്തി കീഴടങ്ങിയത്. യുവതികളെ ജോലിക്ക് കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്ന പരാതിയിലാണ് പുതിയ മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസില്‍ കൂടുതല്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ആള്‍മാറാട്ടത്തിലൂടെ പെണ്‍കുട്ടികളെ ചതിയില്‍പെടുത്തി പണം തട്ടുന്നതാണു പ്രതികളുടെ രീതി. അടുത്ത് ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളോട് സ്വര്‍ണക്കടത്ത് സംഘത്തില്‍ ചേരാന്‍ പ്രലോഭിപ്പിക്കുന്ന സംഘം വന്‍തുക കമ്മീഷനായി വാഗ്ദാനം ചെയ്യും.
കെണിയില്‍ വീണെന്നു വ്യക്തമായാല്‍ പണവും സ്വര്‍ണവും നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയും തുക ലഭിക്കുന്നതോടെ കടന്നുകളയുകയും ചെയ്യും. സ്വര്‍ണക്കടത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഒരു ഹോട്ടല്‍ മുറിയില്‍ എട്ടു ദിവസം പൂട്ടിയിട്ടിരുന്നതായും പരാതി നല്കിയ യുവമോഡല്‍ വ്യക്തമാക്കിയിരുന്നു.
ഷൂട്ടിംഗിനാണെന്ന് പറഞ്ഞ് പാലക്കാടേക്ക് വിളിപ്പിച്ച അവര്‍ സ്വര്‍ണക്കടത്തിനായി ആഡംബര വാഹനങ്ങള്‍ക്ക് എസ്കോര്‍ട്ട് പോകാന്‍ ആവശ്യപ്പെട്ടു. ഇതു സമ്മതിക്കാതെ വന്നപ്പോള്‍ ഹോട്ടല്‍ മുറിയില്‍ പൂട്ടിയിടുകയായിരുന്നു. കൃത്യമായി ഭക്ഷണം നല്‍കിയില്ല.
താനടക്കം എട്ട് പെണ്‍കുട്ടികളാണ് അവിടെയുണ്ടായിരുന്നത്. ചില പെണ്‍കുട്ടികള്‍ ഇടയ്ക്കിടെ വന്നുപോകുന്നുമുണ്ടായിരുന്നതായും യുവതി പറഞ്ഞു. ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘത്തില്‍ ഏഴുപേരാണുള്ളത്.
ഇനി പിടിയിലാകാനുള്ള മൂന്ന് പേര്‍ക്കായി അന്വേഷണം തുടരുകയാണ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ രൂപീകരിച്ചാണ് കേസ് അന്വേഷണം നടക്കുന്നത്. ഡിസിപി ജി. പൂങ്കുഴലിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല.