തളിപ്പറമ്പ്: കുട്ടികളുടെ സ്വർണാഭരണങ്ങൾ കവർച്ച ചെയ്തതിന് പറശിനിക്കടവ് മുത്തപ്പൻ മടപ്പുര ക്ഷേത്രത്തിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട പാനൂർ സ്വദേശി ഷംനയെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് വിലപ്പെട്ട വിവരങ്ങൾ. ഇന്നലെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കൂടുതൽ മോഷണങ്ങൾ നടത്തിയതായി തെളിഞ്ഞത്.
കണ്ണൂർ ജില്ലയ്ക്ക് പുറത്തുനിന്ന് എത്തുന്ന കുട്ടികളുടെ സ്വർണാഭരണങ്ങളാണ് കൂടുതൽ കവർച്ച ചെയ്തിട്ടുള്ളത്. മൂന്ന് വർഷം മുമ്പ് മുതൽ തന്നെ കവർച്ച ആരംഭിച്ചതായി ഷംന സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മറ്റ് ജില്ലകളിൽ നിന്ന് വന്നവർ പോലീസിൽ പരാതിപ്പെടാൻ നിൽക്കില്ലെന്ന ബോധ്യത്തിലാണ് ഷംന അത്തരക്കാരെ മാത്രം മോഷണത്തിന് തെരഞ്ഞെടുത്തതെന്ന് പോലീസ് പറഞ്ഞു.
മോഷ്ടിച്ച മുതലുകൾ പാനൂരിലെ ഒരു ജ്വല്ലറിയിലാണ് വിൽപ്പന നടത്തിയത്. ഷംനയുടെ മൂന്ന് വർഷത്തെ ടെലിഫോൺ വിവരങ്ങളും ചില സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച അന്വേഷണങ്ങൾ പൂർത്തിയാവുന്നതോടെ പുതുതായി ലഭിച്ച പരാതികളിൽ കൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാവിലെ കസ്റ്റഡിയിൽ വാങ്ങിയ ഷംനയെ ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലേക്ക് കൊണ്ടുപോയി.