ഒരു ഇടവേളയ്ക്ക് ശേഷം ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് യുവതാരം ഷംന കാസിം. ഇത്തവണ ആരും ചെയ്യാത്ത സാഹസികതയാണ് താരം എടുത്തിരിക്കുന്നത്. കൊടി വീരൻ എന്ന തമിഴ് സിനിമയ്ക്കുവേണ്ടി തല മുഴുവനായും മൊട്ടയടിച്ചാണ് ഷംന എത്തുന്നത്.
വളരെ സ്വാഭാവികമായി ചിത്രീകരിക്കുന്ന സിനിമയിൽ ആ മൊട്ടയടി ഒഴിവാക്കാനാവാത്തതായിരുന്നുവെന്നാണ് പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഷംന തന്നെ വെളിപ്പെടുത്തിയിരിക്കുന്നത്. മൊട്ടയടിക്കേണ്ടി വരുമെന്നു പറഞ്ഞതോടെ ഈ കഥാപാത്രം തനിക്ക് പറ്റില്ലെന്നാണ് ആദ്യം ഷംന പറഞ്ഞത്. തിരക്കഥ കേട്ട് തീരുമാനിച്ചാൽ മതിയെന്നായി അവർ. തിരക്കഥ കേട്ടതോടെ മനസ് മാറി. എന്നാലും മൊട്ടയടിക്കണോ എന്ന കാര്യത്തിൽ രണ്ടു ദിവസം ശരിക്കും കണ്ഫ്യൂഷനായിരുന്നുവെന്നും ഷംന പറയുന്നു.
സിനിമയിൽ ആ മൊട്ടയടി ഒഴിവാക്കാനാവാത്തതായിരുന്നു. മധുരയിൽ ഷൂട്ടിംഗ് സെറ്റിലായിരുന്നു മുടി വടിച്ചത്. മുടി വടിക്കുന്ന സീനും ചിത്രത്തിലുണ്ട്. വളരെ നിർണായകമായ ഒരു സീനാണതെന്നും ഷംന പറയുന്നു. നർത്തകി എന്ന നിലയിൽ സ്റ്റേജ് പ്രോഗ്രാം ഏറെയുള്ളതിനാൽ മൊട്ടയടി പ്രശ്നമാവുമോ എന്നാണ് ആദ്യം താൻ ചിന്തിച്ചതെന്നും ഷംന പറയുന്നു. മൂന്നാഴ്ച മുൻപാണു മൊട്ടയടിച്ചത്.
അതിനു ശേഷം അഞ്ച് സ്റ്റേജ് പ്രോഗ്രാം വിഗ് വച്ചു ചെയ്തെന്നും ഷംന പറയുന്നു. പക്ഷേ പുറത്തു പോകുന്പോൾ ക്യാപ് ഒന്നും വയ്ക്കാറില്ലെന്നും. ഞാനാണെന്നു പലർക്കും പെട്ടെന്നു മനസ്സിലാവാറുമില്ലെന്നും ഷംന പറയുന്നു. കൂടാതെ മിഷ്കിൻ സംവിധാനം ചെയ്യുന്ന ശവരക്കത്തി എന്ന സിനിമയിൽ രണ്ടു കുട്ടികളുടെ അമ്മയും ഒൻപതു മാസം ഗർഭിണിയുമായ ഒരു ബധിരയായും ഷംന എത്തുന്നുണ്ട്.