തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് ഗര്‍ഭിണിയെ കാണാതായ വാര്‍ത്ത കേരളത്തിലെ ആളുകളെ രണ്ടുദിവസത്തേക്ക് ഞെട്ടിച്ചിരുന്നു. ഒടുവില്‍ കരുനാഗപ്പള്ളിയില്‍ നിന്ന് ഇവരെ കണ്ടെത്തിയപ്പോള്‍ ഞെട്ടല്‍ മറ്റൊരു തലത്തിലെത്തി. കാരണം, നിറവയറുമായി പോയ ഷംന മടങ്ങിയെത്തിയത് ദുരൂഹതകളുടെ ഒരുപിടി ഭാണ്ഡവുമായി. പോലീസും നാട്ടുകാരും കണ്ടെത്തിയശേഷം എല്ലാ കഥകളും ഷംന തുറന്നുപറഞ്ഞു.
വിവാഹത്തിനുശേഷം ഷംനയുടെ ഗര്‍ഭം ഒരിക്കല്‍ അലസിയിരുന്നു. ഗര്‍ഭകാലത്തിന്റെ ആദ്യ സമയത്തായിരുന്നു അത്. പിന്നീട് വീട്ടുകാരും ബന്ധുക്കളും പലപ്പോഴും ഗര്‍ഭത്തെക്കുറിച്ച് ചോദിച്ചു തുടങ്ങി. ഇതിനിടെ ഒരുദിവസം ഷംന ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവ് ഷഫഫുദീനോടും വീട്ടുകാരോടും പറഞ്ഞു.
ഇതിനിടെ പൂര്‍ണഗര്‍ഭിണിക്കുണ്ടാകേണ്ട നിറവയറൊന്നും ഭാര്യയ്ക്ക് കാണാത്തതില്‍ പല തവണ ഷറഫുദ്ദീന്‍ സംശയം പ്രകടിപ്പിച്ചെങ്കിലും തനിക്ക് വയര്‍ കുറവാണെന്നായിരുന്നു ഷംനയുടെ ഭാഷ്യം.
സംശയമൊഴിവാക്കാന്‍ പലതവണ ഷറഫുദ്ദീന്റെ കൈപിടിച്ച് വയറിന് മീതെ വച്ച് ശ്വാസോച്ഛ്വാസത്തിലൂടെ വയറനക്കി കുഞ്ഞനങ്ങുന്നത് കണ്ടോയെന്നും മറ്റും ഷംന ചോദിച്ചതോടെ ഷറഫുദ്ദീനും കഥ വിശ്വസിച്ചു. ഇത് കൂടാതെ പലപ്പോഴും അവശതയും ക്ഷീണവും അഭിനയിച്ചും ഭക്ഷണത്തിന് മടികാട്ടിയുമൊക്കെ ഷംന ചമയുമ്പോഴൊന്നും ആര്‍ക്കും അത് കള്ളത്തരമാണെന്ന് തോന്നിയിരുന്നില്ല. ഗര്‍ഭിണിയാകാന്‍ വേണ്ടി പ്രത്യേക പാഡും ഇവര്‍ ഉപയോഗിച്ചിരുന്നു.
ഗര്‍ഭിണിയാകാന്‍ സാധിച്ചില്ലെങ്കില്‍ ഭര്‍ത്താവും വീട്ടുകാരും തന്നെ ഉപേക്ഷിച്ചേക്കുമെന്ന ഭയത്തിനൊപ്പം ഭര്‍ത്താവിനോടുള്ള അമിത സ്‌നേഹം കൂടിയായതോടെ ഇവരുടെ ചിന്തകള്‍ കാടുകയറി. അങ്ങനെയാണ് നാടുവിടാന്‍ തീരുമാനിച്ചത്. പുറത്തു കാത്തുനിന്ന വീട്ടുകാരെ അറിയിക്കാതെ ആശുപത്രിയില്‍ നിന്നു പുറത്തു കടന്ന ഷംന നേരെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
ഉച്ചയ്ക്ക് പുറപ്പെടുന്ന ചെന്നൈ സൂപ്പര്‍ഫാസ്റ്റില്‍ കയറി ചൈന്നെയ്ക്ക് പോയി. യാത്രയ്ക്കിടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. ട്രെയിന്‍ വൈകുന്നേരം എറണാകുളം നോര്‍ത്തിലെത്തിയപ്പോള്‍ ഫോണ്‍ ഓണാക്കി. ഷംനയെ കാണാതായ പരാതിയില്‍ സൈബര്‍ സെല്‍ സഹായത്തോടെ അന്വേഷണം നടത്തിവന്ന പൊലീസ് ഫോണിന്റെ ടവര്‍ലൊക്കേഷന്‍ അനുസരിച്ച് അന്വേഷണത്തിനായി പൊലീസ് എറണാകുളത്തെത്തി.
ഇതിനിടെ ചെന്നൈയിലെത്തിയ ഷംന സ്റ്റേഷനിലിറങ്ങി വിശ്രമിച്ചു. പിന്നീട് അവിടെ നിന്ന് മറ്റൊരു ട്രെയിനില്‍ ചെങ്ങന്നൂരിലേക്ക് തിരിച്ചു. തുടര്‍ച്ചയായി രണ്ടുദിവസം ട്രെയിനില്‍ യാത്ര ചെയ്ത ഇവര്‍ സഹയാത്രക്കാരോട് അധികം അടുപ്പം കാട്ടിയതുമില്ല.
ഇതിനിടെ ട്രെയിനില്‍ നിന്ന് തന്നെ അല്പം ഭക്ഷണം കഴിച്ചു. തിരികെ കരുനാഗപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണ് ഡ്രൈവര്‍മാര്‍ കാണുന്നതും പോലീസില്‍ വിവരം അറിയിക്കുന്നത്. കേസില്‍ മറ്റു ദുരൂഹതകളൊന്നുമില്ലെന്ന് പോലീസും വ്യക്തമാക്കി. ഭര്‍ത്താവും വീട്ടുകാരും കരഞ്ഞു കലങ്ങിയ കണ്ണുമായിട്ടാണ് ഷംനയെ സ്വീകരിക്കാനെത്തിയത്.