കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിൽ വെളിപ്പെടുന്നത് മലയാള സിനിമയെത്തന്നെ ഇളക്കിമറിക്കുന്ന സംഭവങ്ങൾ. ചെറുകിട താരങ്ങളെ മാത്രമല്ല പല മുൻനിര താരങ്ങളെയും ഇവർ ലക്ഷ്യമിട്ടതായിട്ടാണ് ഇപ്പോൾ പോലീസ് സംഘം നൽകുന്ന സൂചന.
മലയാളത്തിലെ തിരക്കുള്ള നടിയെയും മുതിര്‍ന്ന നടനെയുമാണ് സംഘം സ്വാധീനിക്കാന്‍ ശ്രമം നടത്തിയതായി ഒടുവിൽ പുറത്തുവന്നിരിക്കുന്നത്. സ്വര്‍ണക്കടത്ത് സംഘം എന്നു സ്വയം പരിചയപ്പെടുത്തിയാണ് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത്.
പോലീസ് കഴിഞ്ഞ ദിവസം വിളിപ്പിച്ച താരത്തിന് സ്വര്‍ണക്കടത്തിനു പകരമായി രണ്ടു കോടിയും ആഡംബരകാറുമാണ് സംഘം വാഗ്ദാനം ചെയ്തത്.
പ്രലോഭനത്തില്‍ വീണാല്‍ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് പണം വാങ്ങി മുങ്ങാനായിരുന്നു നീക്കം. ഷംന കാസിമിനോടും അത്യാവശ്യമെന്ന് പറഞ്ഞ് ഒരു ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതെ വന്നപ്പോഴാണ് പെണ്ണുകാണലെന്ന പേരില്‍ നേരിട്ടു വീട്ടിലെത്തിയത്.
ഇതിനെല്ലാം മുമ്പാണ് പ്രമുഖ നടിയെ സ്വര്‍ണക്കടത്തിനായി ഫോണില്‍ ബന്ധപ്പെട്ടത്. ബ്ലാക്ക്മെയിലിംഗ് കേസില്‍ ഇന്നു കൂടുതല്‍ പരാതിക്കാരുടെ മൊഴിയെടുക്കും.
ഇതുവരെ ഇരുപതിലധികം യുവതികള്‍ സംഘത്തിനെതിരേ പരാതി നല്‍കിയിട്ടുണ്ട്. ഇവരുടെ പണവും സ്വര്‍ണവും പ്രതികള്‍ തട്ടിയെടുത്തിട്ടുണ്ട്. ഇവയില്‍ ചിലതു പണയപ്പെടുത്തിയെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്.
ഒമ്പത് പവന് സ്വര്‍ണം ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. ഷംന കാസിമിനെ തട്ടിക്കൊണ്ടുപോയി മോചന ദ്രവ്യം ആവശ്യപ്പെടാനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നത്. ഇവര്‍ പോലീസില്‍ പരാതി നല്‍കിയതിനാലാണ് ഇതു നടപ്പാക്കാനാകാതെ പോയത്.
കേസില്‍ പ്രാഥമികമായ അന്വേഷണം പൂര്‍ത്തിയായി. കേസിലെ എല്ലാ പ്രതികളെയും കണ്ടെത്തി. 12 പ്രതികളുള്ള കേസില്‍ നാല് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇതിലൊരാള്‍ക്കു കൊറോണ ബാധയുള്ളതിനാല്‍ രോഗമുക്തി നേടിയതിനു ശേഷമായിരിക്കും അറസ്റ്റ്. ഷംനയുടേത് ഉള്‍പ്പെടെ എട്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
യുവതികളെ വടക്കഞ്ചേരിയിലും വാളയാറിലും ഹോട്ടല്‍ മുറികളില്‍ അടച്ചിട്ട് ഭീഷണിപ്പെടുത്തുകയും സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തതിനാണ് ഏഴ് കേസ്. ഷംനയുടെ മൊഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ രേഖപ്പെടുത്തി.കസ്റ്റഡിയിലുള്ള പ്രതികളുമായി ഇന്നു തെളിവെടുപ്പ് നടത്തും.
നടൻ ധർമജനെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്തിരുന്നു. പ്രതികളുടെ കൈയിൽനിന്നു ധർമജന്റെ നന്പർ കിട്ടിയതിനെത്തുടർന്നായിരുന്നു ഇത്. എന്നാൽ, പ്രതികൾ തന്നെയും വിളിച്ചു സ്വാധീനിക്കാൻ ശ്രമിച്ചെന്നു ധർമജൻ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ് തന്റെ നന്പർ കൈമാറിയതെന്നും ധർമജൻ പറഞ്ഞു. എന്നാൽ, നന്പർ കൈമാറുക മാത്രമേ താൻ ചെയ്തുള്ളുവെന്നും പ്രതികളുടെ ലക്ഷ്യം അറിയില്ലായിരുന്നെന്നുമാണ് ഷാജി പറഞ്ഞത്.
ഇവരെ പ്രതികളാക്കേണ്ട സാഹചര്യമില്ലെന്നാണ് ഇപ്പോൾ അന്വേഷണസംഘം വിലയിരുത്തുന്നത്.