സിനിമയിൽ പതിനാറ് വർഷം പൂർത്തിയാക്കിയ വേളയിൽ പ്രേക്ഷകർക്കു നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി ഷംന കാസിം. വിഡിയോ സന്ദേശത്തിലൂടെയാണ് താരത്തിന്റെ നന്ദിപറച്ചിൽ.
2004ൽ പുറത്തിറങ്ങിയ മഞ്ഞു പോലൊരു പെണ്കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന വെള്ളിത്തിരയിലെത്തുന്നത്. ഷംനയുടെ കുറിപ്പിങ്ങനെ,
പതിനാറ് വർഷത്തെ ഒരു മനോഹരമായ യാത്രയായിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ. ഒരുപാട് നിരുപാധികമായ സ്നേഹം. കുറച്ച് മഹത്തരായ ഓർമ.
ഒരുപാട് പഠിച്ചു. വിജയം, പണം, വെറുപ്പ് അങ്ങനെ ഒരുപാട് ജീവിതത്തെ കുറിച്ചുള്ള കാര്യങ്ങൾ. പക്ഷേ ജനങ്ങൾ എനിക്ക് മേൽ തന്ന നിരുപാധികമായ സ്നേഹമാണ് എന്നെ ഇവിടെ നിലനിർത്തുന്നത്. യാത്രയിൽ എന്റെ ജീവിതത്തിൽ ഒപ്പമുണ്ടായ എല്ലാവർക്കും നന്ദി.
കൂടുതൽ ആത്മാർഥതയോടെ ജോലി ചെയ്യും എന്ന് ഉറപ്പ് തരുന്നു. അമ്മയുടെ കരുതലും പിന്തുണയും ഇല്ലാതിരുന്നെങ്കിൽ എനിക്ക് ഇവിടെ എത്താനാകുമായിരുന്നില്ല. എനിക്ക് എപ്പോഴും തരുന്ന പിന്തുണയ്ക്കും ആ ശക്തിക്കും എന്നും നന്ദി…
മലയാളം, തമിഴ്, തെലുങ്ക് എന്നീ തെന്നിന്ത്യൻ സിനിമകളിലെല്ലാം സജീവമാണ് ഷംന. കണ്ണാംമൂച്ചി എന്ന വെബ് സീരിസിലും ഷംന അഭിനയിക്കുന്നുണ്ട്. തലൈവി ആണ് താരം വേഷമിടുന്ന ഏറ്റവും പുതിയ ചിത്രം. ജയലളിതയുടെ ബയോപിക് ആയി ഒരുക്കുന്ന ചിത്രത്തിൽ ശശികല ആയാണ് ഷംന എത്തുന്നത്.
അടുത്തയിടെ നടി ഷംന കാസിമിനെ ബ്ലാക്മെയിൽ ചെയ്യാനുള്ള ശ്രമം വലിയ വിവാദമായിരുന്നു. ഇതോടെ സംഭവത്തിൽ പ്രതികരണവുമായി ഷംന കാസിം എത്തിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഷംന പറയുന്നു. സംഭവത്തിൽ പിന്തുണ നൽകിയ സുഹൃത്തുക്കൾക്കും മറ്റും നന്ദി പറയുന്നതായും താരം അറിയിച്ചിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഷംനയുടെ പ്രതികരണം.
വിവാഹാലോചനയുടെ പേരിൽ വ്യാജ പേരും മേൽവിലാസവും തിരിച്ചറിയൽ അടയാളങ്ങളും നൽകി വഞ്ചിതരായതിന് ശേഷമാണ് തന്റെ കുടുംബം പൊലീസിൽ പരാതി നൽകിയതെന്ന് ഷംന വ്യക്തമാക്കി.