നെടുങ്കണ്ടം: തൂക്കുപാലം മേഖലയിൽനിന്നു പ്രായപൂർത്തിയാകാത്ത രണ്ടു പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോയ കേസിൽ രണ്ടു യുവാക്കളെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ കരൂരിൽനിന്നു സന്യാസിയോട പുത്തൻപുരക്കൽ അൻവർ ഷാജി(24)യെയും ഒഡീഷയിലെ ഖണ്ഡഗിരിയിൽനിന്നും ചെങ്ങമനാട് പാലപ്രശേരി പാറശേരിപറന്പിൽ ഷംനാദ്(25) നെയുമാണ് അറസ്റ്റുചെയ്തത്. ഇവർക്കൊപ്പം പോയ പെണ്‍കുട്ടികളെയും പോലീസ് കണ്ടെത്തി നെടുങ്കണ്ടത്ത് എത്തിച്ചു. നിയമ നടപടി പൂർത്തിയാക്കി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.
ഷംനാദ് ഒഡീഷയിൽ ബാർബർ ഷോപ് തുടങ്ങാനുള്ള ഒരുക്കത്തിനിടയിലാണ് അറസ്റ്റിലായത്. 2016ൽ എറണാകുളത്തുനിന്നു യുവതിയെ കടത്തിയ കേസിലും ഷംനാദ് പ്രതിയാണ്. രണ്ടു തവണ വിവാഹംകഴിച്ച ഇയാൾ വിവാഹംചെയ്ത യുവതികളെ നിർബന്ധിച്ചു മതം മാറ്റിയെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ഭാര്യ സമീപകാലത്തു പിണങ്ങിപ്പോയെന്നാണ് ഷംനാദ് നൽകിയ മൊഴി. ഈ യുവതിയെ കണ്ടെത്തി ചോദ്യം ചെയ്യാനുള്ള നടപടി പോലീസ് ആരംഭിച്ചിട്ടുണ്ട്.
15 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണൻ രൂപംകൊടുത്ത പ്രത്യേക സ്ക്വാഡ് ഇവരെ കണ്ടെത്തിയത്. നവംബർ 19ന് സ്കൂളിലേക്കു പോയ പെണ്‍കുട്ടികളെ കാണാതാകുകയായിരുന്നു. യുവാക്കൾ ഒരു ലക്ഷത്തോളം രൂപ സമാഹരിച്ചാണ് പെണ്‍കുട്ടികളുമായി മുങ്ങിയത്. തൂക്കുപാലത്തുനിന്നു കാണാതായ പെണ്‍കുട്ടി അമ്മയെ കഴിഞ്ഞ ദിവസം ഫോണിൽ വിളിച്ചിരുന്നു. ഈ ഫോണ്‍ കോളാണ് അന്വേഷണത്തിൽ നിർണായകമായത്.
കട്ടപ്പന ഡിവൈഎസ്പി എൻ.സി. രാജ് മോഹൻ, നെടുങ്കണ്ടം സിഐ സി. ജയകുമാർ, എസ്ഐ എസ്. കിരണ്‍, പോലീസ് ഉദ്യോഗസ്ഥരായ തങ്കച്ചൻ മാളിയേക്കൽ, സുബൈർ, ബേസിൽ, അൻസലിന എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.