കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയില്‍. തൃശൂര്‍ സ്വദേശിയായ ഹാരിസ് ആണ് പിടിയിലായത്.
ഇയാളെ തൃശൂരില്‍ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇയാളെ രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്തു വരികയാണ്. കേസ് അന്വേഷണം സിനിമാമേഖലയിലേക്കും വ്യാപിപ്പിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറേ പറഞ്ഞു.
ഇതിന്റെ ഭാഗമായി നാല് താരങ്ങളില്‍ നിന്നും വിവരങ്ങള്‍ തേടിയിട്ടുണ്ട്. സെക്സ് റാക്കറ്റുമായി പ്രതികള്‍ക്ക് ബന്ധം കണ്ടെത്താനായിട്ടില്ല. പ്രതികളെല്ലാം ബന്ധുക്കളും സുഹൃത്തുക്കളുമാണെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
ഷംനക്ക് സമാനമായി വേറെ നാലു പേരെ കൂടി പ്രതികള്‍ കബളിപ്പിച്ചിട്ടുണ്ടെന്നും സ്വര്‍ണവും പണവും തട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എട്ടു പ്രതികള്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇനി മൂന്നു പ്രതികള്‍ കൂടി പിടിയിലാകാനുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.
അതേസമയം ബ്ലാക്ക് മെയിലിംഗ് സംഘത്തിനെതിരെ പരാതിപ്പെടാന്‍ യുവതികള്‍ തയ്യാറാവുന്നില്ല. നിലവില്‍ 18 പെണ്‍കുട്ടികളെ പ്രതികള്‍ കുടുക്കിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പത്തോളം പേരാണ് പരാതി നല്കാന് തയ്യാറായിട്ടുള്ളത്.
മറ്റുള്ളവരുമായി പോലീസ് ബന്ധപ്പെട്ടെങ്കിലും പരാതി നല്കാന് യുവതികള്‍ തയ്യാറായില്ല. ഇത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. അതേസമയം യുവതികളെ പൂട്ടിയിട്ട് സ്വര്‍ണവും പണവും തട്ടിയെടുത്തതിന് പ്രതികള്‍ക്കെതിരെ മൂന്നു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു.
ഷംന കാസിം നല്കിയ പരാതിയില്‍ മുഖ്യപ്രതി റഫീഖ് ഉള്‍പ്പെടെ ഏഴുപേരാണ് ഇതുവരെ പിടിയിലായത്. ഒമ്പത് പ്രതികളുണ്ടെന്നാണ് പോലീസ് വെളിപ്പെടുത്തിയിരിക്കുന്നത്.
രണ്ടുപേര്‍കൂടി പിടിയിലാകാനുണ്ടെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട ഹെയര്‍ സ്റ്റൈലിസ്റ്റിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല.
ഇയാള്‍ വഴി പ്രതികള്‍ക്ക് സിനിമാ മേഖലയുമായി ബന്ധമുണ്ടെന്നാണ് സൂചന. അതേസമയം ഹൈദരാബാദില്‍ നിന്നും ഇന്ന് കൊച്ചിയിലെത്തുന്ന നടി ഷംന കാസിമിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയേക്കും.
കോവിഡ് സാഹചര്യം പരിഗണിച്ച് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി രേഖപ്പെടുത്താനാണ് പോലീസ് തീരുമാനം. കൂടാതെ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്ന് നടന്നേക്കും.