കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ വിവാഹാലോചനയുമായെത്തിയ വരന്റെ ഉമ്മയായി അഭിനയിച്ച വാടാനപ്പള്ളി സ്വദേശിനിയെ തേടി പോലീസ്.
ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇവർ മുങ്ങി നടക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
നടിയെ ഫോണില്‍ വിളിച്ച് പരിചയപ്പെട്ട പ്രതികളിലൊരാളായ റഫീഖ് പെണ്ണുകാണാനായി ഷംനയുടെ വീട്ടിലേക്ക് അയച്ച സംഘത്തിലായിരുന്നു ഇവര്‍ ഉമ്മ വേഷത്തിലെത്തിയത്. മകന് ദുബായിയിലെ വ്യവസായിയാണെന്ന് ഷംനയോട് പറഞ്ഞ ഇവര്‍ കേസിലെ മുഖ്യപ്രതിയുടെ ഭാര്യയാണെന്നാണ് സൂചന.
അതേസമയം ഷംനയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്നലെ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പോലീസ് വീണ്ടും അറസ്റ്റു ചെയ്തു. അബൂബക്കര്‍, ഹാരിസ്, ശരത് എന്നിവര്‍ക്കാണ് എറണാകുളം മജിസ്ട്രേറ്റ് കോടതി വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്.
എന്നാല്‍ പരസ്യചിത്രത്തിനെന്ന പേരില്‍ പെണ്‍കുട്ടികളെ വാളയാറില്‍ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ ഇന്നലെ രാത്രി കൊടുങ്ങല്ലൂരിലെ വീടുകളില്‍ നിന്നാണ് പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്തത്.
അബൂബക്കറും ശരത്തും ഷംനയുടെ വീട്ടിലെത്തിയ സംഘത്തിലുള്ളവരായിരുന്നു. ആറാം പ്രതിയായ ഹാരിസ് മുഖ്യപ്രതിയായ റഫീക്കിന്റെ സഹോദരനാണ്.
വിവാഹാലോചനയുമായി എത്തിയ സംഘം വരന് അബൂബക്കറായി ഷംനയ്ക്ക് കാണിച്ചുകൊടുത്തത് ദുബായിയിലെ വ്യവസായിയും കാസര്‍കോഡ് സ്വദേശിയുമായ യാസിര്‍ എന്നയാളുടെ ചിത്രമായിരുന്നു. ടിക് ടോക്കില്‍ നിന്നാണ് പ്രതികള്‍ യാസിറിന്റെ ചിത്രം സംഘടിപ്പിച്ചത്.
ഇതേതുടര്‍ന്ന് യാസിറിനെ ഇന്നലെ പോലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നു. പ്രതികളുമായി യാതൊരു ബന്ധവുമില്ലെന്ന് യാസിര്‍ പറഞ്ഞു.
നാലുമാസം മുമ്പാണ് ദുബായിയില്‍ നിന്നും കാസര്‍കോട്ടെ വീട്ടിലെത്തിയതെന്നും വല്ലപ്പോഴും മാത്രമാണ് ടിക് ടോക്കില്‍ പോസ്റ്റിടാറുള്ളതെന്നും യാസിര്‍ പോലീസിനോട് പറഞ്ഞു.