മുണ്ടക്കയം: കഴിഞ്ഞ ഹർത്താൽ ദിനത്തിൽ വ്യാജ ഫോണ് സന്ദേശം നൽകിയ യുവാവിന്റെ ലക്ഷ്യം തന്നെത്തേടിയെത്തിയ അഞ്ചംഗസംഘത്തെ കുടുക്കു കയെന്നത്.75 കോടിയുടെ നിരോധിത നോട്ട് നൽകാമെന്ന് പറഞ്ഞ് ഷാമോൻ അഞ്ചംഗസംഘത്തിൽനിന്ന് പത്തുലക്ഷം രൂപ വാങ്ങിയിരുന്നു. നിരോധിത നോട്ട് വാങ്ങാൻ ഷാമോനെ തേടി മുണ്ടക്കയത്ത് അഞ്ചംഗസംഘം എത്തിയതോടെയാണ് വ്യാജസന്ദേശം നൽകി സംഘത്തെ കുടുക്കാൻ ഷാമോൻ തുനിഞ്ഞത്.
ചൊവ്വാഴ്ച നടന്ന ഹർത്താൽ ദിനത്തിൽ എരുമേലിയിലും പരിസരപ്രദേശങ്ങളിലും ശബരിമല തീർഥാടകരുടെ വാഹനങ്ങൾ കത്തിക്കാൻ അഞ്ചംഗസംഘം മുണ്ടക്കയത്ത് ക്യാന്പ് ചെയ്യുന്നതായാണ് പാറത്തോട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പാന്പനാർ, ഇല്ലത്തുപറന്പിൽ ഷാമോൻ (33)പോലീസിന് വ്യാജ സന്ദേശം നൽകിയത്. മുണ്ടക്കയം സിഐ ഷിബുകുമാറും സംഘവുമാണ് ഷാമോനെ പിടികൂടിയത്.
സംഭവം സംബന്ധിച്ചു പോലീസ് പറയുന്നതിങ്ങനെയാണ്: ഹർത്താൽ ദിനത്തിൽ പോലീസിനു കിട്ടിയ ഫോൺ സന്ദേശ ത്തെ തുടർന്ന് മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജിൽനിന്ന് അഞ്ചംഗ സംഘത്തെ പിടികൂടി ചോദ്യം ചെയ്യുന്നതിനിടയിലാണ് നിരോധിത നോട്ടുവാങ്ങുന്ന സംഘമാണെന്നു കണ്ടെത്തിയത്. മലപ്പുറം സ്വദേശികളായ ഫക്രുദ്ദീൻ (42), മൻസൂർ (50), പെരുന്പാവൂർ സ്വദേശി ജലീൽ (52), എറണാകുളം കളമശേരി സ്വദേശി സലിം(53), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി നൗഷാദ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തതും പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതും. കേന്ദ്രസർക്കാർ നിരോധിച്ച കറൻസി കുറ ഞ്ഞ വിലയ്ക്കെടുക്കുന്ന സംഘമാണിവർ.
ഇവരെ ചോദ്യം ചെയ്യുന്നതിനിടയിലാണ് വ്യാജ ഫോണ് സന്ദേശക്കാരനായ ഷാമോനെ സംബന്ധിച്ചുളള വിവരം ലഭിക്കുന്നത്. നിരോധിത 75 കോടി രൂപയുടെ നോട്ടുകൾ നൽകാമെന്നു പറഞ്ഞു 10ലക്ഷം രൂപ അഡ്വാൻസ് വാങ്ങിയ ഷാമോനെ കണ്ടെത്താനാണ് അഞ്ചംഗ സംഘം മുണ്ടക്കയത്ത് എത്തിയത്. അഞ്ചംഗസംഘം എത്തിയ വിവരമറിഞ്ഞ ഷാമോൻ തിരുവനന്തപുരത്തു പോയി തന്റെ മൊബൈൽ ഫോണിൽനിന്ന് പോലീസിന് വ്യാജ സന്ദേശം നൽകുകയായിരുന്നു. താൻ കബളിപ്പിച്ച സംഘം തന്നെ തേടിയെത്തിയപ്പോൾ അവരെ കുടുക്കാനായാണ് ഇയാൾ വ്യാജ സന്ദേശം നൽകിയതെന്നു കരുതുന്നു.
പാന്പനാറിൽ താമസിച്ചിരുന്ന ഷാമോൻ മുന്പും നിരവധി തട്ടിപ്പുകൾ നടത്തിയതായാണ് വിവരം ലഭിക്കുന്നത്. പെരുവന്താനം സ്വദേശിയോട് പഴവ്യാപാരം നടത്തുന്നതിന് ഷെയർ നൽകാമെന്നു പറഞ്ഞ് മുപ്പതിനായിരം രൂപ വാങ്ങി കബളിപ്പിച്ചു. ജമാഅത്ത് കമ്മിറ്റിയിൽ ഇത് സംബന്ധിച്ചു പരാതിയുണ്ട്. ഇയാൾക്കെതിരേ മറ്റു സാന്പത്തിക ആരോപണങ്ങളും നിലനിൽക്കുന്നുണ്ട്.
ആം ആദ്മി പാർട്ടി അംഗമായിരുന്ന ഇയാൾ വിവരാവകാശ രേഖകൾ കാട്ടി പീരുമേട്ടിലെ ഒരു ഭരണകക്ഷി നേതാവിൽ നിന്ന് പണം തട്ടിയതായുളള ആരോപണം പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നുണ്ട്. നിരോധിത നോട്ടു വ്യാപാര സംഘത്തിൽ സംസ്ഥാനത്ത് വൻ കണ്ണികളുളളതായാണ് പോലീസ് സംശയിക്കുന്നത്.
ഷാമോനെ കാഞ്ഞിരപ്പള്ളി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.