തലശേരി: ന്യൂ മാഹിയിലെ ആര്‍എസ്എസ് പ്രവര്ത്തകന് ന്യൂ മാഹി പെരിങ്ങാടിയിലെ യു.സി. ഷമേജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയില്‍. സിപിഎം പ്രവര്‍ത്തകനായ പ്രതിയെ ബംഗളൂരുവിൽ നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഇന്ന് രാവിലെ തലശേരിയിലെത്തിച്ച പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കൊലപാതകം സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ പിടിയിലായ പ്രതിയില്‍ നിന്നും അന്വേഷണ സംഘത്തിന് ലഭിച്ചതായിട്ടാണ് അറിയുന്നത്. ആറംഗസംഘമാണ് കൊല നടത്തിയതെന്നാണ് സൂചന. കൊലയാളി സംഘം സഞ്ചരിച്ച ബൈക്കുകളെകുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കൊലപാതകത്തിനു ശേഷം വിനോദ സഞ്ചാരത്തിനായി പോയ മുഖ്യപ്രതിയെ കര്‍ണാടക പോലീസിന്റെ സഹായത്തോടെയാണ് അന്വേഷണസംഘം വലയിലാക്കിയത്. ഞായറാഴ്ച ബംഗളൂരിലെത്തിയ തലശേരി പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്.
കൊല നടത്തിയ ആറംഗസംഘം സംഭവം നടത്തിയ ഉടന്‍ സംസ്ഥാനം വിട്ടതായിട്ട് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബംഗളൂരിലുണ്ടെന്ന വിവരം ലഭിച്ചത്. എന്നാല്‍ ഒരാളെ മാത്രമേ പോലീസിന് പിടികൂടാന്‍ സാധിച്ചിട്ടുള്ളൂ.
മറ്റ് പ്രതികള്‍ക്കായി കര്‍ണാടകയിലെ വിവിധ പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ നടത്തി വരികയാണ്. കേസുമായി ബന്ധപ്പെട്ട് ഇതിനകം 36 പേരെ പോലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിക്കഴിഞ്ഞു. പ്രദേശത്തു നിന്നും ശേഖരിച്ച സിസി ടിവി ദൃശ്യങ്ങളില്‍ നിന്നും വിലപ്പെട്ട ചില വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട വിവരമറിഞ്ഞ് പ്രകോപിതരായ ഒരു സംഘം സിപിഎം പ്രവര്‍ത്തകരാണ് ഷമേജിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് നിഗമനം.
എന്നാല്‍ പ്രതികള്‍ക്ക് ഒത്തു ചേരാനും ആയുധങ്ങള്‍ എത്തിച്ചു കൊടുക്കാനും ചില കേന്ദ്രങ്ങള്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന സൂചനയും പുറത്തു വന്നിട്ടുണ്ട്. മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇത്തരം സൂചനകള്‍ പോലീസിന് ലഭിച്ചിട്ടുള്ളത്. ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. നോര്‍ത്ത് സോണ്‍ ഐജി ബല്‍റാം കുമാര്‍ ഉധ്യായ, ജില്ലാ പോലീസ് ചീഫ് ശിവ വിക്രം, എഎസ്പി ചൈത്ര തെരേസ ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഉന്നത പോലീസ് സംഘം കേസിന്റെ അന്വാഷണ പുരോഗതി വിലയിരുത്തുന്നുണ്ട്.
കേരളത്തിലേയും പോണ്ടിച്ചേരിയിലേയും ഡിജിപി മാര്‍ നേരിട്ടെത്തി ഇടപെട്ട കൊലപാതക കേസുകള്‍ എന്ന നിലക്ക് ഏറെ ശ്രദ്ധയോടെയാണ് പോലീസ് അന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഇരു ഡിജിപിമാരും സംഭവ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് നേരിട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. എസ്എസ്പി അപൂര്‍വ ഗുപ്തയുടെ നേതൃത്വത്തില്‍ പോണ്ടിച്ചേരി പോലീസ് ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തകയും അന്വേഷണവുമായി ഏറെ മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ഷമേജ് വധക്കേസിലെ പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. ഇന്ന് വൈകുന്നേരത്തോടെ പിടിയിലായിട്ടുള്ള പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്.എന്നാല്‍ കേസന്വേഷണം സംബന്ധിച്ച ഒരു വിവരങ്ങളും പുറത്തു വിടാതെയാണ് അന്വാഷണം സംഘം മുന്നോട്ട് പോകുന്നത്. പോലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിനു പോലും വിവരങ്ങള്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്.
ഇന്ന് വൈകുന്നേരത്തോടെ കേസില്‍ വഴി തിരിവുണ്ടാകുമെന്ന സൂചനയാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. കഴിഞ്ഞ ഏഴിന് രാത്രിയാണ് ഷമേജ് കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് പള്ളൂരില്‍ സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബു കൊല്ലപ്പെട്ട വിവരമറിഞ്ഞ് പെരിങ്ങാടി കൊമ്മോത്ത് പീടികയിലെ വീട്ടിലേക്ക് ഓട്ടോറിക്ഷയില്‍ മടങ്ങവെയാണ് ബൈക്കിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.