“എഴുതി തള്ളപ്പെടുമായിരുന്ന ഷംസീനയുടെ തിരോധാനത്തിന് തുമ്പുണ്ടായതിന് പിന്നില്‍ പരിയാരം സിഐ കെ.വി.ബാബുവിന്റെ അന്വേഷണമികവാണ്. ആരും ശ്രദ്ധിക്കാതെ കുത്തിവരച്ചിട്ട എഴുത്ത് വീണ്ടെടുത്തത് കൊണ്ടുമാത്രമാണ് ഷംസീനയെ പോലീസിന് കണ്ടുപിടിക്കാനായത്.
വീടുവിട്ടു പോയതിന് ശേഷം ഒരിക്കല്‍ പോലും ബന്ധുക്കളേയോ സുഹൃത്തുക്കളേയോ ഫോണിലോ കത്തിലോ ബന്ധപ്പെടാതെ അതീവ ജാഗ്രത പാലിച്ച ഷംസീന ഖുര്‍ആനില്‍ ഒളിപ്പിച്ച രഹസ്യത്തില്‍ നിന്നാണ് ഏഴു വര്‍ഷക്കാലമായി ഒരു കുടുംബത്തെയാകെ മുള്‍മുനയില്‍ നിര്‍ത്തിയ തിരോധാനത്തിന്റെ ചുരുളഴിഞ്ഞത്.’
ഷംസീനയെ കാണാതാകുന്നു
2012 നവംബര്‍ 11 നാണ് ഉറ്റവരെ ഉപേക്ഷിച്ച് താന്‍ ഉപയോഗിച്ചിരുന്ന എല്ലാ സാധനങ്ങളും ബാഗിലാക്കി പിലാത്തറ മണ്ടൂരിലെ എം.കെ. ഷംസീനയെ കാണാതാകുന്നത്. ഷംസീനയുടെ തിരോധാനത്തെ തുടര്‍ന്ന് നിരവധി നിറംപിടിപ്പിച്ച കഥകള്‍ നാട്ടില്‍ പരന്നിരുന്നു. ഏറ്റവുമൊടുവില്‍ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎ ഇതു സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതോടെ ഇവര്‍ വിദേശത്തേക്ക് കടന്നതായും നാട്ടില്‍ പ്രചരിപ്പിക്കപ്പെട്ടിരുന്നു.
2012 നവംബര്‍ 12 ന് പരിയാരം പോലീസ് സ്റ്റേഷനില്‍ ക്രൈംനമ്പര്‍ 714 കേരളാ പോലീസ് ആക്ട് 57 പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസ് ആദ്യം അന്വേഷിച്ചത് അന്ന് പരിയാരം പോലീസ് സ്റ്റേഷന്റെ ചുമതല ഉണ്ടായിരുന്ന തളിപ്പറമ്പ് സിഐയാണ്. തുടര്‍ന്ന് നാല് സിഐമാര്‍ വന്നു പോയിട്ടും അന്വേഷണം എവിടെയും എത്തിയില്ല. യുവതിയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ 2015 ജനുവരി 30 ന് അണ് ഡിറ്റക്റ്റഡ് ആയി ജില്ലാ ക്രൈം റിക്കാര്‍ഡ് ബ്യൂറോയില്‍ റിപ്പോര്‍ട്ട് ചെയ്തു.
2017ല്‍ കാണാതായ മുസ്ലിം സ്ത്രീകളെക്കുറിച്ച് ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങിയപ്പോഴാണ് 2017 മാര്‍ച്ച് 17 ന് കേസിൽ പുനഃരന്വേഷണം തുടങ്ങിയത്. എന്നാല്‍ ഷംസീന ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താനായില്ല. ഒരിക്കല്‍ പോലും ഷംസീന ആരെയും വിളിച്ചിരുന്നുമില്ല.
അന്വേഷണം തുടങ്ങി
2019 ജൂലൈ 10നാണ് സിഐ കെ.വി. ബാബു അന്വേഷണം ഏറ്റെടുത്തത്. ബന്ധുക്കളായ 58 പേരുടെ ആറ് മാസത്തെ ഫോണ്‍ വിവരങ്ങള്‍ അന്വേഷിച്ചെങ്കിലും ഇവര്‍ക്കാര്‍ക്കും കണ്ണൂര്‍ ജില്ലക്ക് പുറത്തുനിന്ന് ഒരു ഫോണ്‍കോള്‍ പോലും വന്നിരുന്നില്ലെന്ന് വ്യക്തമായി.
കഴിഞ്ഞമാസം ഷംസീനയുടെ വീട്ടിലെത്തിയ സിഐ കെ.വി. ബാബുവും അന്വേഷണ സംഘാംഗം എന്‍.പി. സഹദേവനും ബന്ധുക്കളെ മണിക്കൂറുകളോളം വീണ്ടും ചോദ്യം ചെയ്തിട്ടും ഒന്നും തന്നെ തെളിവായി ലഭിച്ചില്ല. ഒടുവില്‍ ഷംസീന ഉപയോഗിച്ച എന്തെങ്കിലും വസ്തുക്കള്‍ വീട്ടില്‍ ഉപേക്ഷിച്ചിരുന്നോ എന്ന് അന്വേഷിച്ചപ്പോഴാണ് നിസ്ക്കാര കുപ്പായം കിടപ്പുമുറിയില്‍ ഉപേക്ഷിച്ച ഷംസീന വീടുവിട്ടുപോകുന്നതിന്റെ തലേന്ന് ഖുർ ആൻ ഉമ്മയ്ക്ക് നല്കിയ കാര്യവും വീട്ടുകാര്‍ പറഞ്ഞത്.
അദൃശകരമായി ഖുർആൻ
എല്ലാം തെളിവുകളും നശിപ്പിച്ചാലും ഒരു അദൃശകരം തെളിവായി അവശേഷിക്കുമെന്ന് പറഞ്ഞപോലെയായിരുന്നു സിഐ കെ.വി. ബാബുവിന് ഖുർആൻ ലഭിച്ചത്. ഖുർആൻ പരിശോധിച്ച സിഐ ഒരു പേജില്‍ എന്തോ എഴുതിയത് കുത്തി വരഞ്ഞ് ആര്‍ക്കും മനസിലാക്കാന്‍ കഴിയാത്ത വിധത്തിലാക്കിയത് കണ്ടു. ഗ്രന്ഥം പോലീസ് ആവശ്യപ്പെട്ടുവെങ്കിലും മതപരമായ കാര്യങ്ങള്‍ പറഞ്ഞ് എതിര്‍പ്പ് പ്രകടിപ്പിച്ച വീട്ടുകാര്‍ ഒടുവില്‍ ആ പേജ് മാത്രം ഇളക്കി നല്കി.
പോലീസ് ഈ പേജ് കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലാബിലെ രേഖാപരിശോധനാ വിഭാഗത്തിന് കൈമാറി. അവരുടെ പരിശോധനയില്‍ പുനഃസൃഷ്ടിച്ചെടുത്തത് ഒരു മൊബൈല്‍ നമ്പറായിരുന്നു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഇടുക്കി ഉടുമ്പന്‍ചോല ബൈസണ്‍വാലിയിലെ ലോറി ഡ്രൈവര്‍ വടക്കേക്കര ഷാജിയുടെതാണെന്ന് തിരിച്ചറിഞ്ഞു. ഉടുമ്പന്‍ചോല സിഐയുമായി ബന്ധപ്പെട്ട് പരിയാരം പോലീസ് ഇവരോട് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടു.
ഉടുന്പൻചോലയിലെ അർച്ചന
അര്‍ച്ചന എന്ന പുതിയ പേര് സ്വീകരിച്ച ഷംസീന ഉടുമ്പന്‍ചോലയിലെ ഒരു ക്ഷേത്രത്തില്‍ വെച്ചാണ് ഷാജിയെ വിവാഹം ചെയ്തത്. പോലീസ് നൂറുശതമാനവും സംരക്ഷണം ഉറപ്പുനല്‍കിയതിനെതുടര്‍ന്നാണ് ഇന്നലെ ഉച്ചയോടെ ഇവര്‍ പരിയാരം സ്റ്റേഷനിലെത്തിയത്. ബന്ധുക്കളെ ആരെയും കാണാന്‍ ഷംസീന താല്പര്യം കാട്ടാത്തതിനാല്‍ പോലീസ് ഇവരെ വിവരമറിയിച്ചിരുന്നില്ല. പാവപ്പെട്ട കുടുംബാംഗമായ ഷംസീനയെ ബന്ധുക്കള്‍ രണ്ടാം കെട്ടുകാരന് വിവാഹം ചെയ്തു കൊടുക്കാന്‍ പോകുന്നതായി മനസിലാക്കിയിരുന്നതായി ചോദ്യം ചെയ്യലില്‍ ഷംസീന പോലീസിനോട് പറഞ്ഞു.തുടർന്നാണ് ഒളിച്ചോടിയത്.
വീട്ടിനടുത്ത് ടൈല്‍സുമായി എത്തിയ ലോറിയുടെ ഡ്രൈവര്‍ ഷാജിയുമായി പരിചയപ്പെട്ടാണ് അയാളോടൊപ്പം നാടുവിട്ടത്. ബൈസണ്‍വാലിയില്‍ സുഖകരമായ ദാമ്പത്യ ജീവിതം നയിച്ചു വരുന്നതായി ഷംസീന പോലീസിനോട് പറഞ്ഞു. പയ്യന്നൂര്‍ മജിസ്ട്രേട്ട് കോടതി മുമ്പാകെ ഹാജരാക്കിയ ഷംസീനയെ കോടതി സ്വന്തം ഇഷ്ടപ്രകാരം പോകാന്‍ അനുവദിച്ചു. ഇന്നലെ വെകുന്നേരം തന്നെ ഇവര്‍ ഇടുക്കിയിലേക്ക് തിരിച്ചു പോയി. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒ റെജി കുമാര്‍, സിപിഒ മാരായ എന്‍.പി. സഹദേവന്, അഞ്ചില്ലത്ത് നൗഫല്‍ എന്നിവരും ഉണ്ടായിരുന്നു.
എല്ലാ ആശങ്കകള്‍ക്കും വിരാമമിട്ടാണ് സിഐ കെ.വി. ബാബു സമര്‍ത്ഥമായ നീക്കത്തിലൂടെ യുവതിയെ കണ്ടെത്തിയത്. കാക്കിക്കുള്ളിലെ ചരിത്രകാരനെന്ന ഖ്യാതി നേടിയ കെ.വി. ബാബു നിരവധി ചരിത്ര ഗ്രന്ഥങ്ങളുടെ രചയിതാവുമാണ്. പരിയാരം സിഐ കെ.വി. ബാബു ചരിത്ര രചയിതാവ് മാത്രമല്ല, കേരളാ പോലീസിന്റെ ചരിത്രത്തിലാദ്യമായി പുതിയൊരു അന്വേഷണ ചരിത്രം കൂടി രചിച്ച് വേറിട്ടുനില്‍ക്കുകയാണ് ഇപ്പോൾ.