കോഴിക്കോട്: “ലീഗിന്റെ കോട്ടയില്‍നിന്നാണ് നാലാംതവണയും നിയമസഭയിലെത്തിയത്. അതുകൊണ്ട് അല്‍പ്പം ഉശിര് കൂടും. അതു പക്ഷേ മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക് അത്ര എളുപ്പത്തില്‍ പിടികിട്ടിക്കൊള്ളണമെന്നില്ല’: സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ കെ.ടി. ജലീല്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ച പരിഹാസം കണ്ടു ഞെട്ടിയിരിക്കുകയാണ് സിപിഎം. സിപിഎം സഹയാത്രികനായ കെ.ടി. ജലീല്‍ ഇതാദ്യമായാണ് സിപിഎം നേതാവിനെതിരേ, പ്രത്യേകിച്ച് സ്പീക്കര്‍ക്കെതിരേ ഈ വിധം കടുത്ത പരിഹാസം ഉന്നയിച്ചത്.
സ്വകാര്യ സര്‍വകലാശാല ബില്‍ ചര്‍ച്ചയില്‍ സമയക്രമം പാലിക്കാത്തതില്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ശാസിച്ച സംഭവത്തിലാണ് കെ.ടി. ജലീല്‍ ഇന്നലെ ഫേസ്ബുക്കില്‍ പ്രതികരിച്ചത്. ബില്ലുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ പറഞ്ഞു വന്നപ്പോള്‍ സമയം അല്‍പ്പം നീണ്ടുപോയെന്നും അതൊരു ക്രിമിനല്‍ കുറ്റമായി ആര്‍ക്കെങ്കിലും തോന്നിയെങ്കില്‍ സഹതപിക്കുകയേ നിര്‍വാഹമുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.
“മക്കയില്‍ ഈന്തപ്പഴം വില്‍ക്കുന്നവര്‍ക്ക്’ അത്ര എളുപ്പം പിടികിട്ടിക്കൊള്ളണമെന്നില്ല എന്ന പ്രയോഗത്തിലൂടെ എ.എന്‍. ഷംസീര്‍ സിപിഎം കോട്ടയായ തലശേരിയില്‍ നിന്നാണ് ജയിച്ചതെങ്കില്‍ താന്‍ ലീഗ് കോട്ടയായ മലപ്പുറം തവനൂരില്‍ നിന്ന് പടപൊരുതിയാണ് നിയമസഭയില്‍ എത്തിയതെന്നാണ് ജലീല്‍ ഉദേശിച്ചിരിക്കുന്നത്. ഷംസീറിന്റെ വിജയത്തെ കെ.ടി. ജലീല്‍ വിലകുറച്ചുകാണുന്നുവെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് സിപിഎമ്മിനുള്ളിലുയരുന്നത്.
തിങ്കളാഴ്ച സ്വകാര്യ സര്‍വകലാശാല ബില്‍ പരിഗണിക്കുന്നതിനിടെ ആവശ്യപ്പെട്ടിട്ടും പ്രസംഗം അവസാനിപ്പിക്കാത്തതിനാലാണ് കെ.ടി. ജലീലിനോട് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ക്ഷുഭിതനായത്. പ്രസംഗം പത്ത് മിനിറ്റ് പിന്നിട്ടതോടെ, അവസാനിപ്പിക്കാന്‍ പല തവണ സ്പീക്കര്‍ ആവശ്യപ്പെട്ടു. മൈക്ക് ഓഫ് ചെയ്യുകയും ചെയ്തു. ഇത് വകവെക്കാതെ ജലീല്‍ മൈക്കില്ലാതെ പ്രസംഗം തുടര്‍ന്നതോടെ സ്പീക്കര്‍ രൂക്ഷ വിമര്‍ശനം നടത്തി. അതിനാണ് ജലീല്‍ പരിഹാസ മറുപടിയുമായി രംഗത്തെത്തിയത്.