തിരുവനന്തപുരം: മാസ്കിടാതെ നിയമസഭയിൽ വന്ന തലശേരി എംഎൽഎ എ.എൻ. ഷംസീറിനു സ്പീക്കറുടെ ശാസന.
ഷംസീർ മാസ്ക് പൂർണമായി ഉപേക്ഷിച്ചതായാണു കാണുന്നതെന്നു പറഞ്ഞ സ്പീക്കർ, മാസ്ക് താടിയിലേക്കു മാറ്റിയിടുന്ന മറ്റ് അംഗങ്ങൾക്ക് മുന്നറിയിപ്പു നൽകി.
കഴിഞ്ഞ കുറച്ചു നാളായി മാസ്ക് താടിയിലേക്കു താഴ്ത്തിയിട്ടാണു ഷംസീർ നിയമസഭയ്ക്കുള്ളിൽ വരുന്നതെന്ന് അംഗങ്ങൾ അടക്കമുള്ളവരിൽനിന്നു പരാതി ഉയർന്നിരുന്നു.
ഇന്നലെ അടിയന്തര പ്രമേയ നോട്ടീസിന് റവന്യു മന്ത്രി മറുപടി പറയുന്നതിനിടയിലാണ് മാസ്ക് മാറ്റിയ നിലയിലുള്ള ഷംസീറിനെ സ്പീക്കർ എം.ബി. രാജേഷിന്റെ ശ്രദ്ധയിൽ പെട്ടത്.
ഇതോടെയാണ് സ്പീക്കർ ശാസനാരൂപത്തിൽ ഇക്കാര്യം അറിയിച്ചത്. ഈ സമയത്ത് മന്ത്രി വി. അബ്ദു റഹ്മാ ന്റെ സമീപത്തെ സീറ്റിലായി രുന്നു ഷംസീർ.
എംഎൽഎമാരിൽ പലരും മാസ്ക് താടിക്കു വച്ചിരിക്കുന്ന നടപടിയേയും സ്പീക്കർ വിമർശിച്ചു. നിയമസഭാ നടപടികൾ വെബ്കാസ്റ്റ് ചെയ്യുകയാണെന്നും പൊതുജനം ഇക്കാര്യങ്ങൾ കാണുന്നുണ്ടെന്നും എല്ലാവരും മനസിലാക്കണം.
ജനങ്ങൾക്കിടയിൽ ഇതു തെറ്റായ സന്ദേശം നൽകും. മാസ്ക് ധരിക്കാത്തതിന്റെ പേരിൽ ജനങ്ങളിൽനിന്നു പോലീസ് വ്യാപക പിഴ ഈടാക്കുന്ന സാഹചര്യത്തിലാണ് എംഎൽഎമാർ മാസ്ക് വയ്ക്കാതെ നിയമസഭയിൽ വരുന്നത്.
പൂർണ കോവിഡ് നിയന്ത്രണങ്ങളോടെയാണ് നിയമസഭാ സമ്മേളനം നടക്കുന്നത്-സ്പീക്കർ ചൂണ്ടി ക്കാട്ടി.