എം. സുരേഷ്ബാബു
തിരുവനന്തപുരം: നിയമസഭാ സ്പീക്കർ എ.എൻ.ഷംസീറിന്റെ പ്രസ്താവനയിൽ പ്രതിരോധത്തിലും പ്രതിസന്ധിയിലുമായി സിപിഎം. പ്രതിഷേധങ്ങൾ തണുപ്പിക്കാനുള്ള കൂടിയാലോചനകളുമായി പാർട്ടി നേതൃത്വവും ശ്രമം തുടങ്ങി.
സ്പീക്കർ ഖേദപ്രകടനം നടത്തിയാൽ വിഷയം കെട്ടടങ്ങുമെന്നാണ് പാർട്ടിയിലെ ചില നേതാക്കളുടെ അഭിപ്രായം.ശബരിമല പ്രക്ഷോഭകാലത്തെ പോലെ എൻഎസ്എസ് ഈ വിഷയത്തിൽ നാമജപഘോഷയാത്രയുമായി മുന്നോട്ട് പോയാൽ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലിലാണ് പാർട്ടിയിലെ മിക്ക നേതാക്കളുടെയും അഭിപ്രായം.
സ്പീക്കറുടെ പ്രസ്താവനക്കെതിരെ യുഡിഎഫ് രംഗത്ത് വരാത്തത് സിപിഎമ്മിന് ആശ്വാസമായിട്ടുണ്ട ്. എന്നാൽ ബിജെപി വിഷയം ഏറ്റെടുത്തിട്ടുണ്ട്.
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ബിജെപി ശ്രമിക്കുമെന്ന ആശങ്ക സിപിഎം നേതൃത്വത്തിനുണ്ട്. സ്പീക്കർ ഖേദം പ്രകടിപ്പിച്ച് വിഷയം അവസാനിപ്പിക്കണമെന്നുള്ള ചർച്ചകളാണ് പാർട്ടിതലത്തിൽ നടക്കുന്നത്.
കോണ്ഗ്രസും യുഡിഎഫും ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല. എൻഎസ്എസ് ഇന്ന് വിശ്വാസ സംരക്ഷണ ദിനമായി ആചരിക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന വ്യാപകമായി പല സ്ഥലങ്ങളിലും ഗണപതി ക്ഷേത്രങ്ങളിൽ എൻഎസ്എസ് നേതാക്കളും വിശ്വാസികളും രാവിലെ വഴിപാടുകൾ നടത്തിയിരുന്നു.
വരും ദിവസങ്ങളിൽ നാമജപഘോഷയാത്രകളുമായി എൻഎസ്എസ് മുന്നോട്ട് പോയാൽ ഹൈന്ദവധ്രുവീകരണത്തിന് സാധ്യത വർധിക്കും.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശബരിമല യുവതി പ്രവേശനത്തിനെതിരേ നടന്ന നാമജപഘോഷയാത്ര സമൂഹത്തിൽ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഒരു ലോക്സഭ സീറ്റിൽ മാത്രമാണ് വിജയിക്കാൻ സാധിച്ചത്.പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വിവാദ പരാമർശം ഉണ്ടാക്കി വിവിധ വിഭാഗങ്ങളെ പ്രകോപിപ്പിക്കുന്നത് പാർട്ടിയുടെ വിജയഫലത്തെ ബാധിക്കുമെന്ന വിലയിരുത്തലാണ് മുതിർന്ന സിപിഎം നേതാക്കൾക്കുള്ളത്.
നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രതികരണങ്ങളും പക്വതയോടെയാകണമെന്നാണ് പൊതു വിലയിരുത്തൽ. മുസ് ലിം മത പണ്ഡിതരും ഈ വിഷയം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം ഇടപെടണമെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.