കണ്ണൂർ: സിപിഎം എംഎൽഎ എ.എൻ. ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ അനധികൃതമായി നിയമിച്ച സംഭവത്തിൽ കണ്ണൂർ യൂണിവേഴ്സിറ്റിയും ഡിപ്പാർട്ടുമെന്റും ഒത്തുകളിച്ചതായി മട്ടന്നൂർ 19-ാം മൈൽ സ്വദേശിനി ഡോ. എം.പി. ബിന്ദു രാഷ്ട്രദീപികയോട് പറഞ്ഞു.
ഷംസീറിന്റെ ഭാര്യ പി.എം. ഷഹലയെ കണ്ണൂർ സർവകലാശാലയിൽ കരാർ അടിസ്ഥാനത്തിൽ അസി. പ്രഫസറായി നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇന്റർവ്യൂവിൽ ഒന്നാംറാങ്ക് നേടിയ കണ്ണൂർ മട്ടന്നൂർ സ്വദേശിയായ ഡോ.എം.പി. ബിന്ദുവിന് നിയമനം നൽകണമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കി. ഉത്തരവ് റദ്ദാക്കിയതോടെ നിയമന ഉത്തരവ് കൈപ്പറ്റാൻ ബിന്ദു ഇന്നു രാവിലെ കണ്ണൂർ യൂണിവേഴ്സിറ്റിയിലെത്തി.
2018 ജൂൺ 14നായിരുന്നു കണ്ണൂർ യൂണിവേഴ്സിറ്റിയിലെ താവക്കര കാന്പസിൽ വച്ച് സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ അസി. പ്രഫസർ പോസ്റ്റിലേക്കുള്ള ഇന്റർവ്യു നടന്നത്. എന്നാൽ റിസൾട്ട്പോലും പബ്ലിഷ് ചെയ്യാതെ ജൂലൈ ഒൻപതിന് എ.എൻ. ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകുകയായിരുന്നു. ഇതിനെതിരേ വിവരാവകാശ രേഖകൾ ഉപയോഗിച്ചായിരുന്നു ബിന്ദുവിന്റെ പോരാട്ടം.
യൂണിവേഴ്സിറ്റിക്കും ബന്ധപ്പെട്ട യൂണിവേഴ്സിറ്റിയിലെ എച്ച്ഒഡി ഡിപ്പാർട്ട്മെന്റിനും വിവരാവകാശ രേഖകൾ ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും തെറ്റായ വിവരങ്ങൾ മാത്രമാണ് നിയമനം സംബന്ധിച്ചും റാങ്ക് ലിസ്റ്റ് സംബന്ധിച്ചും നൽകിയതെന്നും ബിന്ദു രാഷ്ട്രദീപികയോടു പറഞ്ഞു.
ഇതിനെതിരേ വരാവകാശ കമ്മീഷന് പരാതി നൽകുകയും ചെയ്തു. തൃശൂരിൽ നടന്ന വിവരാവകാശ കമ്മീഷൻ സിറ്റിംഗിൽ കണ്ണൂർ യൂണിവേഴ്സിറ്റിയോട് ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിശദീകരണം തേടുകയും ചെയ്തു.
നിയമനത്തിൽ സ്വജനപക്ഷപാതം നടത്തിയെന്ന സംഭവത്തിൽ മന്ത്രി കെ.ടി. ജലീൽ ആരോപണം നേരിടുന്നതിനിടെയാണ് എ.എൻ. ഷംസീർ എംഎൽഎയുടെ ഭാര്യയുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയത്. ഇതു സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കയാണ്.
സിൻഡിക്കേറ്റിൽ ഇടതുപക്ഷ മേധാവിത്വമുള്ള കണ്ണൂർ സർവകലാശാലയിൽ പാർട്ടിയുടെ സ്വാധീനം കൊണ്ടാണ് റാങ്ക് പട്ടിക മറികടന്ന് ഷംസീറിന്റെ ഭാര്യയ്ക്ക് ജോലി ലഭിച്ചെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.