തിരൂരങ്ങാടി: മാസങ്ങൾക്കു മുന്പു ചേളാരിയിൽ നടന്ന മോഷണക്കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഐക്കരപ്പടി സ്വദേശി കൂപ്പിയിൽ ശംസുദീനെ (35) യാണ് തിരൂരങ്ങാടി സിഐ റഫീഖും സംഘവും അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിന് പുലർച്ചെ താഴെ ചേളാരിയിലെ വെള്ളേടത്ത് കരുണയിൽ ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്. മുൻവശത്തെ വാതിൽ തകർത്താണ് ഇയാൾ അകത്തു കയറിയത്. 9,000 രൂപ, രണ്ടു മൊബൈൽ ഫോണുകൾ, വസ്ത്രങ്ങൾ, ഒരു എടിഎം കാർഡ് തുടങ്ങിയവയാണ് കവർന്നത്.
കാർഡ് ഉപയോഗിച്ചു നാലു തവണയായി കോട്ടയ്ക്കൽ എടിഎം കൗണ്ടറിൽ നിന്നു 25,000 രൂപ പിൻവലിച്ചിട്ടുണ്ട്.
പർദ ധരിച്ചെത്തിയാണ് ഇയാൾ പണം പിൻവലിക്കാനെത്തിയിരുന്നത്. സിസിടിവിയിൽ നിന്നു ഇയാളുടെ രൂപവും വാഹനവും പോലീസിനു വിവരം ലഭിച്ചിരുന്നു. തുടർന്നു പോലീസ്, വാഹനത്തിന്റെ രജിസ്ട്രേഷൻ നന്പർ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഐക്കരപ്പടിയിലെത്തിയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. മിനിലോറിയിൽ കക്ക വിൽപ്പന നടത്തുന്നതിനിടെ പ്രതി വീട്ടിൽ ആളില്ലെന്ന് കണ്ടതോടെ വീടിന്റെ വാതിൽ തകർത്തു അകത്തു കടക്കുകയായിരുന്നത്രെ. പള്ളിയിലെ പെട്ടി കുത്തിത്തുറന്നു പണം കവർന്നതായി ഇയാൾക്കെതിരെ ഫറോക്ക്, കുന്നമംഗലം, പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കോടതിയിൽ ഹാജരായാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എഎസ്ഐ രഞ്ജിത്, ശ്യാം, നിഖിൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.