വരന്തരപ്പിള്ളി: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാനിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ തൃക്കൂർ കള്ളായിയിലെത്തിച്ചു തെളിവെടുത്തു.
പ്രതികൾ ഒളിവിൽ കഴിഞ്ഞ കള്ളായിയിലെ വീട്ടിലെത്തിച്ചാണു തെളിവെടുപ്പ്.കേസിൽ നേരിട്ടു പങ്കാളികളായ കെ.വി. വിഷ്ണു, കെ.യു. അഭിമന്യു, കെ.യു. സനന്ദ്, ഇവരെ ഒളിവിൽ കഴിയാൻ സഹായിച്ച തൃക്കൂർ കള്ളായി കല്ലൻകുന്നേൽ സുധീഷ് എന്ന സുരേഷ് എന്നിവരെയാണു തെളിവെടുപ്പിനെത്തിച്ചത്.
ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.ആർഎസ്എസ് നേതാവായ സുധീഷിന്റെ കള്ളായിയിലെ ബന്ധുവീട്ടിലാണു കേസിലെ മുഖ്യപ്രതികൾ മൂന്നു ദിവസം ഒളിവിൽ കഴിഞ്ഞത്.
സംഭവത്തിൽ സുധീഷിന്റെ സുഹൃത്തും കള്ളായി സ്വദേശിയുമായ മംഗലത്ത് വീട്ടിൽ ഉമേഷിനെ അന്വേഷണസംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, ഇയാളെ പോലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നില്ല. ഒളിവിൽ കഴിയാൻ സഹായിച്ച ഇവരെ പിടികൂടിയശേഷമാണു ഷാൻ വധക്കേസിലെ മുഖ്യപ്രതികളെ പോലീസിനു പിടികൂടാൻ കഴിഞ്ഞത്.
പ്രതികൾ ഒളിവിൽ കഴിഞ്ഞതിലും ഗൂഢാലോചന: പോലീസ്
പുതുക്കാട്: ആലപ്പുഴയിലെ എസ്ഡിപിഐ നേതാവ് ഷാൻ കൊല്ലപ്പെട്ട സംഭവത്തിലെ പ്രധാന പ്രതികളെ ഒളിവിൽ കഴിഞ്ഞത് ബിജെപി, സംഘപരിവാർ ഉന്നതരുടെ അറിവോടെയെന്നു സൂചന.
കൊലപാതകക്കേസിലെ രണ്ട്, നാല്, അഞ്ച് പ്രതികൾ തൃക്കൂർ പഞ്ചായത്തിലെ വനമേഖലയോടു ചേർന്നുള്ള കള്ളായിയിലാണ് ഒളിവിൽ കഴിഞ്ഞത്. പ്രതികൾ ഒളിവിൽ കഴിഞ്ഞത് ആർഎസ്എസ് ചാലക്കുടി താലൂക്ക് ബൗദ്ധിക് പ്രമുഖ് കള്ളായി കല്ലംകുന്നേൽ കെ.ടി. സുധീഷിന്റെ ഭാര്യാവീട്ടിലാണ്.
ആലപ്പുഴയിൽ നിന്നുള്ള പ്രതികൾക്കു കള്ളായിപോലുള്ള പ്രദേശത്ത് ഒളിവിൽ കഴിയാൻവേണ്ട സൗകര്യങ്ങൾ ഒരുക്കിയതിൽ പാർട്ടിയുടെ ഉന്നത സ്ഥാനത്തുള്ളവരുടെ ഇടപെടലും നിർദേശവും ഉറപ്പാണ്.
പ്രദേശത്തെ മുതിർന്ന നേതാക്കളുടെ നിർദേശത്തിൽ ഒളിവിൽ താമസിച്ച പ്രതികൾക്കു പാർട്ടി നിർദേശപ്രകാരമുള്ള സംരക്ഷണവും ഉണ്ടായിരുന്നതായാണ് പോലീസിന്റെ നിഗമനം.
ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘത്തിന്റെ റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യം പറയുന്നുണ്ട്. ഒളിവിൽ കഴിഞ്ഞവരെ ബൈക്കുകളിൽ കൊണ്ടുപോയതും പോലീസെത്തുന്നതിനു മിനിറ്റുകൾക്കു മുന്പേ ബസ് കയറ്റിവിട്ടതും പ്രദേശത്തെ ബിജെപി, ആർഎസ്എസ് പ്രവർത്തകരാണെന്നു പോലീസ് നേരത്തേ പറഞ്ഞിരുന്നു.