ഞാനേതോ സ്വപ്‌നത്തിലാണെന്നാണ് ഇപ്പോള്‍ തോന്നുന്നത്! കാരണം ഇത്രയും വലിയൊരു ഹിറ്റ് എന്റെ സങ്കല്‍പ്പത്തില്‍ പോലും ഉണ്ടായിരുന്നില്ല; ജിമിക്കി കമ്മല്‍ പാട്ടിനെക്കുറിച്ച് ഷാന്‍ റഹ്മാന്‍ പറയുന്നു

ലാല്‍ ജോസിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തില്‍ ഷാന്‍ റഹ്മാന്‍ സംവിധാനം ചെയ്ത ജിമ്മിക്കി കമ്മല്‍ പോലെ ഇത്രയും തരംഗമായ ഒരു ഗാനം ഈയടുത്തകാലത്ത് മലയാളത്തിലെന്നല്ല, തെന്നിന്ത്യന്‍ സിനിമാലോകത്തു പോലും ഉണ്ടായിട്ടില്ല. കേരളം കടന്ന് തമിഴ്‌നാട്ടിലും എന്തിനേറെപ്പറയുന്നു, അങ്ങ് ബോളിവുഡില്‍ വരെയെത്തി ജിമ്മിക്കി കമ്മലിന്റെ പ്രശസ്തി. മാങ്ങയുള്ള മാവിലെ കല്ലെറിയൂ എന്ന് പറയുന്നതുപോലെ ചില വിവാദങ്ങളും ജിമ്മിക്കി കമ്മലിനെയും ഷാന്‍ റഹ്മാനെയും തേടിയെത്തുകയും ചെയ്തു.

പാട്ട് കോപ്പിയടിയാണെന്നും ലോജിക്കില്ലാത്ത ഗാനം എങ്ങനെ ഹിറ്റായി തുടങ്ങിയ പ്രസ്താവനകളും നയപരമായി കൈകാര്യം ചെയ്ത് ഷാന്‍ അവയെയെല്ലാം വിദഗ്ധമായി നേരിടുകയും ചെയ്തു. എന്നാല്‍ ജിമ്മിക്കി കമ്മല്‍ ഇത്രയും ഹിറ്റാകുമെന്ന് വിചാരിച്ചേയില്ലെന്ന് തുറന്നു പറയാന്‍ ഷാന്‍ മടിക്കുന്നില്ല. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഷാന്‍ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അതേക്കുറിച്ച് യുവ സംഗീതസംവിധായകന്‍ ഷാന്‍ പറയുന്നതിങ്ങനെ…

ക്യാംപസ് സോംഗ് എന്ന നിലയില്‍ സംഗതി ഹിറ്റാകണമെന്ന് എനിക്കുണ്ടായിരുന്നു. നമ്മളൊക്കെ കോളജില്‍ പഠിക്കുമ്പോള്‍ വെറുതെയിരുന്നു ഡെസ്‌കില്‍ കൊട്ടിപ്പാടുന്ന ഒരു പാട്ട്, ആ ഓര്‍മയാണ് ആദ്യം എന്റെ മനസ്സില്‍ വന്നത്. ഇത്രയും വലിയൊരു ഹിറ്റ് എന്റെ സങ്കല്‍പത്തില്‍ ഉണ്ടായിരുന്നില്ല. മലയാള സിനിമയില്‍ ഒരു പാട്ടു ചെയ്യുമ്പോള്‍ നമ്മള്‍ പരമാവധി ആഗ്രഹിക്കുക, ലോകമെങ്ങുമുള്ള മലയാളികള്‍ അത് നെഞ്ചോടുചേര്‍ക്കണമെന്നു മാത്രമാണല്ലോ? പക്ഷേ, ഇന്ത്യയിലെ വിവിധ ഭാഷക്കാരും ലോകത്തെ പല രാജ്യക്കാരുമൊക്കെ ഈ പാട്ടു കേട്ടു ചുവടുവയ്ക്കുമ്പോള്‍, ഞാനേതോ സ്വപ്നത്തിലാണെന്നു തോന്നിപ്പോകുന്നു. വെറും പതിനഞ്ച് മിനിട്ടുകൊണ്ട് ചെയ്ത പാട്ടാണത്.

 

 

Related posts