വലിയ വിവാദങ്ങളിലൂടെയാണ് മലയാള സിനിമാലോകം ഇപ്പോള്‍ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. അതുപോലെതന്നെ ചില അതിശയങ്ങളും ഇപ്പോള്‍ ഇവിടെ നടക്കുന്നുണ്ട്. അതിലൊന്നാണ് സംഗീത സംവിധായകന് ഷാന്‍ റഹ്മാന്റെ കാര്യം. ഇതുവരെ യുട്യൂബിലെത്തിയ മലയാള സിനിമാ ഗാനങ്ങളില്‍ ഏറ്റവുമധികം പ്രേക്ഷകര്‍ ലൈക്ക് നല്കിയതും ഡിസ്ലൈക്ക് നല്കിയതും ഒരേ സംഗീത സംവിധായകന്റെ പാട്ടുകള്‍ക്കാണ് എന്നതാണ് അത്. ഷാനിന്റെ തന്നെ ജിമ്മിക്കി കമ്മല്‍ എന്ന പാട്ടിനോട് ആളുകള്‍ക്ക് ആവേശമായിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ പുതിയ ഗാനത്തോട് ആളുകള്‍ക്ക് വെറുപ്പാണ്.
മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഗാനത്തിന് ഡിസ്ലൈക്കുകള് വാരിക്കോരി നല്‍കുകയാണ് പ്രേക്ഷകര്‍. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ മൈ സ്റ്റോറി എന്ന ചിത്രത്തിലെ ഈ ഗാനരംഗത്തില്‍ പൃഥ്വിരാജും പാര്‍വ്വതിയുമാണ് അഭിനയിച്ചത് എന്നതുതന്നെ കാരണം. മമ്മൂട്ടി ചിത്രമായ കസബയെ കുറിച്ച് പാര്‍വ്വതി നടത്തിയ പരാമര്‍ശങ്ങളാണ് ഈയവസ്ഥയില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. ഇരുഗാനങ്ങള്‍ക്കും ഈണമിട്ട ഈ സംവിധായകന് ഇക്കാര്യത്തില്‍ ചില കാര്യങ്ങള്‍ പറയാനുണ്ട്. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഈക്കാര്യത്തില്‍ ഷാന്‍ തന്റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തിയത്.
എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. നമ്മുെട ആളുകള്‍ പെട്ടെന്ന് വികാരധീനരാകുന്നവരാണ്. പെട്ടെന്ന് ദേഷ്യം വരും പെട്ടെന്ന് പിണങ്ങും, പ്രതികരിക്കും. പക്ഷേ ഒന്നു തോളില്‍ തട്ടി സംസാരിച്ചാല്‍ അത് മാഞ്ഞു പോകും. ഞാന്‍ ഒത്തിരി പ്രതീക്ഷയോടെ ചെയ്ത ഗാനമാണ്. അതിനോട് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. ആദ്യമായിട്ടാണ് എന്റെ ഒരു പാട്ടിനോട് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. അതും പുതുവര്‍ഷത്തിലെ ആദ്യ ഗാനത്തോട്. ഒത്തിരി സങ്കടമുണ്ട് അതുകൊണ്ട്. പാട്ട് നല്ലതാണെന്നൊരു വിശ്വാസം എനിക്കുണ്ട്. പാട്ടിനെ കുറിച്ച് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ട് കുറേ സന്ദേശമെത്തിയിരുന്നു. അതുകൊണ്ട് പതിയെ ആണെങ്കിലും ദേഷ്യമൊക്കെ മാറ്റിവച്ച് പ്രേക്ഷകര്‍ ഈ ഗാനം ഏറ്റെടുക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.