കൊച്ചി: സംഗീത പരിപാടിയുടെ പേരില്‍ 38 ലക്ഷം രൂപ തട്ടിയെന്ന പരാതിയില്‍ സംവിധായകന് ഷാന്‍ റഹ്മാൻ, ഭാര്യ സൈറ എന്നിവർക്കേതിരേ വഞ്ചനക്കേസ് എടുത്ത് പോലീസ്. കൊച്ചിയില്‍ ജനുവരിയില്‍ നടന്ന സംഗീതനിശയുമായി ബന്ധപ്പെട്ട് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി പ്രൊഡക്ഷന്‍ മാനേജറും കോട്ടയം സ്വദേശിയുമായ നിജു രാജ് നല്കിയ പരാതിയിലാണ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസ് എടുത്തത്.
ഷാന്‍ റഹ്മാന്റെ നേതൃത്വത്തില്‍ എറ്റേണല്‍ റേ പ്രൊഡക്ഷന്‍സ് എന്ന മ്യൂസിക് ബാന്‍ഡ് ജനുവരി 23ന് കൊച്ചിയില്‍ നടത്തിയ ‘ഉയിരേ 2025’ എന്ന പേരിലുള്ള സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തര്‍ക്കവും വഞ്ചനാ കേസും. ഉയികേ സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്റ് മാനേജ്മെന്റ് കമ്പനിയായ അറോറ ആയിരുന്നു
. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര, പാര്‍ക്കിംഗ് ഗ്രൗണ്ടിന്റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം രൂപ ചെലവായെന്നും അഞ്ച് പൈസപോലും തിരികെ ലഭിച്ചില്ലെന്നുമാണ് അറോറ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമ നിജു രാജിന്റെ പരാതി.
ബുക്ക് മൈ ഷോയിലൂടെ സ്വരൂപിച്ച പണം മുഴുവന്‍ ഷാന്‍ റഹ്മാന് കൈക്കലാക്കുകയായിരുന്നുവെന്നാണ് പരാതിയിലുള്ളത്. പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും കള്ളക്കേസില്‍ കുടുക്കുമെന്ന് ആരോപിച്ചതായും നിജു ആരോപിക്കുന്നു. സഹികെട്ട് പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് വഞ്ചനാ കുറ്റത്തിന് കേസ് എടുത്തതോടെ ഷാന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ജില്ലാ കോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ 19 ന് ഷാന്‍ റഹ്മാന് ജില്ലാ കോടതി മുന്‍കൂര്‍ ജാമ്യം നല്കി. രണ്ടാഴ്ചയ്ക്കുള്ളില്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരായി സ്റ്റേഷൻ ജാമ്യം നേടണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഈ കാലാവധി ഈ മാസം 31 വരെയുണ്ട്. ഇതിനകം ഷാന്‍ പോലീസിനു മുന്നില്‍ എത്തുമെന്നാണ് കരുതുന്നത്.
അതേസമയം പരിപാടിയുമായി ബന്ധപ്പെട്ട് നിരോധിത മേഖലയില്‍ ഡ്രോണ്‍ പറത്തിയതിന് ഷാനിനെതിരേ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷ് പറഞ്ഞു. പ്രശ്നത്തിൽ ഒത്തു തീർപ്പിനായി ഷാനിന്റെ സുഹൃത്തുക്കൾ പരാതിക്കാരനെ സമീപിച്ചിട്ടുണ്ട്.