ആലുവ: ട്രെയിനപകടത്തിൽപ്പെട്ട് കാലുകൾ നഷ്ടപ്പെട്ട യുവാവ് പെരിയാർ കുറുകെ നീന്തി ശ്രദ്ധേയനായി. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന കാക്കനാട് സ്വദേശി ഷാൻ എസ് ആണ് വിധിയോട് പൊരുതി നീന്തിയത്.
2013ൽ കൊല്ലം റയിൽവേ സ്റ്റേഷനിൽ വച്ച് ട്രെയിൽ നിന്ന് വീണാണ് അപകടമുണ്ടായത്. രണ്ടുകാലും മുട്ടിനു താഴെ മുറിച്ചു മാറ്റേണ്ടി വന്നു. നെസ്റ്റ് കമ്പനിയിൽ ജോലിചെയ്യുകയാണ് ഷാൻ.
ആലുവ പെരിയാറിന്റെ ഏറ്റവും വീതി കൂടിയ ഭാഗമായ അഞ്ഞൂറുമീറ്റർ വീതിയും മുപ്പതു അടി താഴ്ചയും ഉള്ള ആശ്രമം കടവ് മുതൽ മണപ്പുറം കടവ് വരെ അരമണിക്കൂർ കൊണ്ടാണ് നീന്തിയത്.
ആലുവ ആശ്രമം കടവിൽ ആലുവ നഗരസഭാ ചെയർമാൻ എം.ഒ. ജോൺ ഫ്ളാഗ്ഓഫ് ചെയ്തു.മണപ്പുറം കടവിൽ നീന്തി കേറിയ ഷാനിനും പരിശീലകൻ സജി വാളശേരിക്കും നഗര സഭ കൗൺസിലർ മാരായ ലിസ ജോൺസനും എൻ. ശ്രീകാന്തും ചേർന്നു സ്വീകരണം നൽകി.