പ്രണയിച്ച് കൊതിതീരാതെ, സൂഫിയുടെ പിൻവഴിയിൽ ഷാനവാസും
തൃശൂർ: ഉറക്കത്തിൽ തൊട്ടാൽ അയിത്തമില്ല… ജാതിയും മതവും ദേഷ്യവും വെറുപ്പും ഒന്നുമില്ല. ഉറങ്ങുന്പോൾ പടച്ചോൻ മാത്രമേ കൂട്ടുണ്ടാവുള്ളൂ…
അഞ്ചു മാസങ്ങൾക്ക് മുൻപ് ‘സൂഫിയും സുജാതയും’ എന്ന സിനിമ കാണുന്പോൾ ഉള്ളിൽ പതിഞ്ഞ ഡയലോഗുകളിലൊന്നായിരുന്നു ഇത്.
ഇപ്പോൾ നിത്യമായ ഉറക്കത്തിലേക്ക് കടന്നുപോയ നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകന്റെ നിശ്ചലമായ മുഖം കാണുന്പോൾ അറം പറ്റിയ പോലുള്ള ആ ഡയലോഗ് വീണ്ടും മനസിൽ നിറഞ്ഞു…പടച്ചോൻ മാത്രമേ കൂട്ടുണ്ടാവുള്ളൂ…
കോവിഡ് കാലത്ത് മലയാളിക്ക് സിനിമ കാണാൻ ഒടിടി പ്ലാറ്റ്ഫോമിൽ ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും ഒരുപക്ഷേ തിയറ്ററിലായിരുന്നുവെങ്കിൽ കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റുമായിരുന്നു.
പ്രത്യേകിച്ച് കേരളത്തിലെ ക്യാന്പസുകൾ ഈ ചിത്രം ഏറ്റെടുക്കുമായിരുന്നുവെന്നതിൽ സംശയമില്ലായിരുന്നു. എന്നാൽ വീടിനകത്തും വണ്ടിക്കുള്ളിലുമിരുന്നാണ് മലയാളി സൂഫിയേയും സുജാതയേയും കണ്ടത്.
നിരൂപകർ ചിത്രത്തെ വാഴ്ത്തിയില്ലെങ്കിലും പ്രണയത്തിന്റെ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച സൂഫിയേയും സുജാതയേയും പ്രണയം മനസിൽ കൊണ്ടുനടക്കുന്നവർ ഹൃദയത്തോടു ചേർത്തു.
സൂഫിയുടെ മരണത്തിൽ സുജാത എത്രമാത്രം മനം നൊന്തോ അത്ര തന്നെ ഇപ്പോൾ സിനിമാപ്രേമികൾ ഇപ്പോൾ ഷാനവാസിന്റെ മരണത്തിൽ മനം നൊന്തു വിഷമിക്കുന്നു.
നല്ല സിനിമകൾ ഷാനവാസിൽ നിന്നും പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകർക്ക് കനത്ത ആഘാതമാണ് ഷാനവാസിന്റെ അപ്രതീക്ഷിതമായ വേർപാട്.
മരണവും പ്രണയവുമായിരുന്നു സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ പശ്ചാത്തലവും പ്രമേയവും… നല്ല സിനിമകളെ പ്രണയിച്ച സൂഫിയായിരുന്നു ഷാനവാസ്…
പ്രണയിച്ചു തീരാതെ… പ്രണയം ബാക്കി വെച്ച്… ഷാനവാസ് സൂഫിയുടെ പാതയിലൂടെ നീങ്ങുന്പോൾ വേർപാടിന്റെ സൂഫി സംഗീതം മാത്രം ബാക്കിയാകുന്നു…