തൃക്കൊടിത്താനം: മോഷ്്ടിച്ച സ്കൂട്ടറിൽ കറങ്ങി നടന്നു വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത കേസിൽ തൃക്കൊടിത്താനം പോലീസ് പിടികൂടിയവർ ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ചിരുന്നതു ആഢംബര ജീവിതത്തിന്.
മുണ്ടക്കയം പുഞ്ചവയൽ കുന്പളക്കുഴിയിൽ അമൽ (കണ്ണൻ-22), പുനലൂർ ഇടമണ് ഷാൻഭവനിൽ ഷാൻ പ്രകാശ്(21) എന്നിവരെയാണ് ഇന്നലെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
ആനപ്പാപ്പാൻ കൂടിയായ അമലിന്റെ പേരിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. അമലും ഷാനും റോഡ് ടാറിംഗ് ജോലിക്കിടെയാണ് പരിചയപ്പെട്ടത് തുടർന്നു ഇരുവരും ചേർന്ന് തട്ടിപ്പ് നടത്തുന്നതിനു പദ്ധതി തയാറാക്കുകയായിരുന്നു. ചങ്ങനാശേരിയിലും സമീപ പ്രദേശങ്ങളിലുമാണ് ഇവർ ഓപ്പറേഷൻ നടത്തിയിരുന്നത്. റോഡിലുടെ പോകുന്ന വീട്ടമ്മമാരുടെ മാല പറിക്കുന്നതും ബാഗുകൾ തട്ടിയെടുക്കുന്നതിനും മുന്പ് ഇവർ ഇരുചക്ര വാഹനങ്ങൾ മോഷ്്ടിക്കും. തുടർന്ന് ഇങ്ങനെ മോഷ്്ടിക്കുന്ന ഇരുചക്ര വാഹനങ്ങളിൽ കറങ്ങി നടന്നാണ് പിടിച്ചു പറിക്കുന്നത്. ആൾത്തിരക്ക് കുറഞ്ഞ റോഡുകളിലുടെ പോകുന്നവ സ്ത്രീകളെയാണ് ഇവർ ഇരകളാക്കിയിരുന്നത്. ഒരു ദിവസം പല സ്ഥലങ്ങളിൽ ഓപ്പറേഷൻ നടത്തി മോഷ്്ടിച്ച വാഹനം ഉപേക്ഷിച്ചു ഒളിവിൽ പോകുകയാണ് ഇവരുടെ പതിവ്. ഇത്തരത്തിൽ ലഭിക്കുന്ന പണം തീർന്നു കഴിയുന്പോൾ വീണ്ടും ബൈക്ക് മോഷ്്ടിച്ചു ഓപ്പറേഷൻ നടത്തുകയാണ് ചെയ്തിരുന്നത്.
കഴിഞ്ഞ അഞ്ചിന് കുട്ടനാട്ടിലെ പുളിങ്കുന്നിലാണ് വീട്ടമ്മയുടെ ബാഗ് തട്ടിയെടുത്ത കേസിൽ ഇവർ പിടിയിലായിരിക്കുന്നത്. ചങ്ങനാശേരി കുരിശുംമൂട്ടിൽ റോഡരുകിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച് ഇതിൽ സഞ്ചരിച്ചാണ് ഇവർ മോഷണം നടത്തിയത്. ബാഗ് നഷ്ടപ്പെട്ട സ്ത്രി പുളിങ്കുന്നു പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കുരിശുംമൂട്ടിൽ നിന്നു സ്കൂട്ടർ മോഷണം പോയ കേസ് ചങ്ങനാശേരി, തൃക്കൊടിത്താനം പോലീസും അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് പ്രതികൾ ഫാത്തിമാപുരത്തിനടുത്തുള്ള ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതായി ചങ്ങനാശേരി ഡിവൈഎസ്പി വി.ജെ. ജോഫിക്ക് രഹസ്യ വിവരം ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം എസ്എച്ച്ഒ ഇ.അജീബ്, ട്രെയിനി എസ്ഐ ജയകൃഷ്ണൻ ടി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ മനോജ് കുമാർ, അനീഷ്കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തുടർന്നു പ്രതികളെ പുളിങ്കുന്ന് പോലീസിനു കൈമാറി.