കണ്ണൂർ: കണ്ണൂർ തോട്ടടയിൽ കല്യാണവീടിനു മുന്നിലെ റോഡിൽ ബോംബ് സ്ഫോടനത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരേ വിമർശനവുമായി ഷാഫി പറമ്പിൽ എംഎൽഎ.
ബോംബെറിഞ്ഞയാളും കൊല്ലപ്പെട്ടയാളും ഒരേ പാർട്ടിയിലെ അംഗങ്ങളാണെന്നാണ് ഷാഫി ആരോപിക്കുന്നത്.
പാർട്ടി ഗ്രാമങ്ങളിൽ മറ്റു പാർട്ടിക്കാരെ കൊല്ലാൻ പാർട്ടി നിർദ്ദേശമനുസരിച്ച് ഉണ്ടാക്കുന്നതിലൊന്നെടുത്ത് സ്വന്തം സഹപ്രവർത്തകന്റെ തലയിൽ എറിഞ്ഞില്ലായിരുന്നെങ്കിൽ ഈ ബോംബും ചെന്ന് വീഴുന്നത് മറ്റേതെങ്കിലും പാർട്ടിക്കാരന്റെ മേലാകുമായിരുന്നുവെന്നും ഷാഫി ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
കല്യാണവീട്ടിലെ തർക്കത്തിന് തലയിൽ ബോംബെറിഞ്ഞ് സ്വന്തം പാർട്ടിയിലെ ചെറുപ്പക്കാരനെ കൊന്നത് മുഖ്യമന്ത്രിയുടെ പാർട്ടിക്കാരാണെന്നും അതും മുഖ്യമന്ത്രിയുടെ നാട്ടിൽ വെച്ചാണെന്നും ഷാഫി ചൂണ്ടിക്കാട്ടുന്നു.
ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനമാണ് ഷാഫി പറമ്പിൽ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ ഉന്നയിക്കുന്നത്.
ജില്ലയിലെയും കേരളത്തിൽ മൊത്തത്തിലും തകരുന്ന ക്രമസമാധാന നിലയിൽ നോക്ക്കുത്തിയാകുന്ന കേരളത്തിലെ നമ്പർ വൺ ദുരന്തമായ ആഭ്യന്തര വകുപ്പിനെതിരെ ബുധനാഴ്ച്ച കണ്ണൂരിൽ യൂത്ത് കോൺഗ്രസ് സമരം നടത്തുമെന്ന് ഷാഫി അറിയിച്ചു.
കൊല്ലപ്പെട്ട ജിഷ്ണു ബോബെറിഞ്ഞ സംഘത്തിൽ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നിരുന്നു.
ഇത് വ്യക്തമാക്കുന്ന വിവരമാണ് ഷാഫി പറമ്പിൽ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.