കാസര്‍ഗോഡ്: ബാങ്കില്‍ നിന്ന് വായ്പയെടുത്ത സുഹൃത്ത് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ജാമ്യം നിന്ന കെഎസ്ആര്‍ടിസി ജീവനക്കാരന് കടക്കെണിയിലായി.
കെഎസ്ആര്‍ടിസി കാസര്‍ഗോഡ് ഡിപ്പോയിലെ ഡ്രൈവറും ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫ്രണ്ട് യൂണിറ്റ് സെക്രട്ടറിയുമായ മൊഗ്രാല്‍-പുത്തൂര്‍ സ്വദേശി പി.കെ. ഷംസുദ്ദീനാണ് വായ്പാ തിരിച്ചടവിന്റെ പേരില്‍ ശമ്പളം പോലും നഷ്ടമാകുന്ന അവസ്ഥയിലായത്.
സ്വന്തം വായ്പകളുടെ തിരിച്ചടവും വീട്ടുവാടകയും മറ്റു ചെലവുകളും മൂലം നട്ടംതിരിയുന്നതിനിടയില് സുഹൃത്തിന്റെ കടബാധ്യതകളുടെ പേരില്‍ മാസം 10,000 രൂപ തന്റെ ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള തീരുമാനത്തിനെതിരേ ഷംസുദ്ദീന് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ കാര്യാലയത്തിനു മുന്നില്‍ ഒറ്റയാള്‍ സമരം നടത്തി.
രണ്ടുവര്‍ഷം മുമ്പ് ലോട്ടറി സ്റ്റാള്‍ തുടങ്ങുന്നതിനായാണ് സുഹൃത്ത് കോട്ടക്കണിയിലെ സുദര്ശന് ഷംസുദ്ദീന്റെ ജാമ്യത്തില്‍ ജില്ലാ സഹകരണ ബാങ്കില്‍ നിന്ന് രണ്ട് ലക്ഷം രൂപ വായ്പയെടുത്തത്.
ഇതില്‍ ഒരു ലക്ഷം രൂപ പിന്നീട് തിരിച്ചടച്ചിരുന്നതായി പറയുന്നു. ഇതിനിടയിലാണ് കോവിഡ് ബാധിച്ചത്. നില ഗുരുതരമായതിനെ തുടര്‍ന്ന് ലക്ഷങ്ങള്‍ ചെലവിട്ട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഇതിനു പിന്നാലെയാണ് ഇപ്പോള്‍ കേരള ബാങ്കായി മാറിയ ജില്ലാ സഹകരണ ബാങ്ക് ഷംസുദ്ദീന്റെ പേരില്‍ തിരിച്ചടവ് നോട്ടീസ് അയച്ചത്.
ഇതുവരെയുള്ള തിരിച്ചടവിന്റെ കാര്യത്തില്‍ കാര്യമായ വീഴ്ച വരുത്തിയിട്ടില്ലാത്ത വായ്പക്കാരന് തീര്‍ത്തും അപ്രതീക്ഷിതമായി കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സമാശ്വാസ നടപടികള്‍ക്ക് കാത്തുനില്‍ക്കാതെ ധൃതിപിടിച്ച് ജാമ്യക്കാരന് നോട്ടീസ് നല്കിയ കേരള ബാങ്കിന്റെ നടപടിയും ചോദ്യംചെയ്യപ്പെടുന്നുണ്ട്.
നീതി ആവശ്യപ്പെട്ട് പലതവണ ബന്ധപ്പെട്ടവരെ സമീപിച്ചിട്ടും നടപടിയൊന്നും ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഷംസുദ്ദീന് ഒറ്റയാള്‍ സമരം നടത്തിയത്.