കോട്ടയം: നാളുകൾ നീണ്ട ഗൂഢാലോചനയക്കുശേഷമാണ് അഞ്ചംഗ സംഘം ഷാനിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയതെന്ന് പോലീസ്.
ജോമോനും സംഘവും ഇക്കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഒടുവിലാണ് ഷാനിനെ തട്ടിക്കൊണ്ടു പോയി ആനത്താനത്തെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചു മർദിക്കാമെന്നും തുടർന്ന് ഇയാളിൽ നിന്നും സൂര്യൻ എവിടെയാണെന്നുള്ള വിവരം അറിയണമെന്നും സംഘം തീരുമാനിച്ചത്.
ഒത്തുചേരലിനായി മദ്യവും കഞ്ചാവും മയക്കുമരുന്നും സംഘം നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തിരുന്നു.
ഞായാറാഴ്ച രാത്രിയിൽ നഗരത്തിൽ ഓട്ടോറിക്ഷ ഓടിക്കുന്ന മീനടം സ്വദേശി ബിനുവിനെ സുഹൃത്തായ ജോമോൻ ഓട്ടം വിളിച്ചു.
ലുധീഷും കിരണും സുധീഷും ജോമോനൊപ്പം ഓട്ടോയിൽ കയറി മദ്യപിച്ചു. ഇതിനിടെയാണ് ലുധീഷിനെ സൂര്യൻ മർദ്ദിച്ച വിഷയം ചർച്ചയാകുന്നത്.
സൂര്യനെ ഷാൻ വഴി പിടികൂടാനായി തട്ടിക്കൊണ്ടു പോകുകയും മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രതികൾ പറഞ്ഞിരുന്നത്.
ഇതു കളവാണെന്ന് പോലീസിനു ബോധ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പല ദിവസങ്ങളായി പ്രതികൾ ഗൂഢാലോചന നടത്തി ഷാനിനെ തട്ടിക്കൊണ്ടുപോകാൻ പദ്ധതി തയാറാക്കുകയായിരുന്നു.
ഞായറാഴ്ച ഇവർക്ക് ഷാനിനെ ഒത്തുകിട്ടുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.
ഷാനിനെ തട്ടിക്കൊണ്ടു പോകുന്നതിനും മർദിക്കുന്നതിനുമിടയിൽ നാലു ലീറ്ററോളം മദ്യമാണ് അഞ്ചംഗ സംഘം അകത്താക്കിയത്.
ഇതൊടൊപ്പമാണ് മറ്റു ലഹരി പദാർഥങ്ങളും ഉപയോഗിച്ചത്. ഓട്ടോ വിളിച്ചു കൊണ്ടു പോകുന്പോൾ മദ്യവും മറ്റു ലഹരി പദാർഥങ്ങളും ഇവർ ഓട്ടോറിക്ഷയിൽ കയറ്റിയിരുന്നു.
സൂര്യന്റെ നേതൃത്വത്തിലുള്ള സംഘം ലൂധീഷിനെ മർദിച്ചതും അതിന്റെ വീഡിയോ സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്തതുമാണ് കൊലപാതകത്തിനു പ്രചോദിപ്പിച്ചതെന്നു സംഘത്തിലുള്ളവർ പോലീസിനോട് പറഞ്ഞു.
ഇതു പൂർണമായും പോലീസ് വിശ്വസിച്ചിട്ടില്ല. ലഹരി വിൽപന ഉൾപ്പെടെയുള്ള കാര്യങ്ങൾ കൊലയ്ക്കു പിന്നിലുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ഇക്കാര്യങ്ങൾ വിശദമായി അന്വേഷിച്ചു വരികയാണ്.
കോട്ടയത്തെ ഷാൻ ബാബു വധക്കേസിലെ അഞ്ചു പ്രതികളെയും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായി പോലീസ് ഇന്നു അപേക്ഷ നല്കും.
ഷാനിനെ കൊലപ്പെടുത്തിയശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുന്നിൽ കൊണ്ടുവന്നിട്ട കേസിലെ ഒന്നാംപ്രതി ജോമോൻ (കേഡി ജോമോൻ-38), രണ്ടാം പ്രതി മണർകാട് ചിറയിൽ ലുധീഷ് (പുൽച്ചാടി, 28), മൂന്നാം പ്രതി അരീപ്പറന്പ് കുന്നംപള്ളി സുധീഷ് (21),
നാലാം പ്രതി വെള്ളൂർ നെടുംകാലായിൽ കിരണ് (23), അഞ്ചാം പ്രതി ഓട്ടോ ഡ്രൈവർ മീനടം മലയിൽ കെ. ബിനു എന്നിവരെയാണ് കസ്റ്റഡിയിൽ ലഭിക്കുന്നതിനായി പോലീസ് അപേക്ഷ നല്കുന്നത്.
കസ്റ്റഡിയിൽ ലഭിച്ചശേഷം പ്രതികളെ ഒന്നിച്ചിരുത്തി പോലീസ് വീണ്ടും ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും കുറ്റപത്രം സമർപ്പിക്കുക.
ഇതിനു പുറമെ ഷാനിന്റെ സുഹൃത്തും ഗുണ്ടാ സംഘത്തിന്റെ നേതാവുമായ ശരത് പി. രാജ് (സൂര്യൻ) കണ്ടെത്തുന്നതിനു വേണ്ടിയും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
നാളുകൾക്കു മുന്പു വരെ കോട്ടയം കേന്ദ്രീകരിച്ചു ഗുണ്ടാ പ്രവർത്തനവും ലഹരി ഇടപാടുകളും നടത്തിയിരുന്ന സൂര്യൻ ഏതാനും നാളുകൾക്കു മുന്പ് തൃശൂരിലേക്കു താവളം മാറ്റിയിരുന്നു.
എന്നാൽ ഷാനെ കൊലപ്പെടുത്തിയ സംഭവമുണ്ടായതിനു പിന്നാലെ ഇയാൾ മൂങ്ങിയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഡിവൈഎസ്പി ജെ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
അന്വേഷണം ലഹരി ഇടപാടുകളിലേക്കും
പിടിയിലായ അഞ്ചു പേരുടെയും സൂര്യന്റെയും ലഹരി ഇടപാടുകളെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
ഇവർ കോട്ടയം നഗരവും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ചു വൻതോതിൽ കഞ്ചാവ് മയക്കുമരുന്ന് കച്ചവടവും നടത്തിയിരുന്നു.
നാളുകൾക്കു മുന്പു വരെ ഈ സംഘങ്ങളെല്ലാം ഒരുമിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. പീന്നിട് പല കാരങ്ങളുടെ പേരിൽ ഇവർ തെറ്റിപ്പിരിഞ്ഞു പല സംഘങ്ങളായി പ്രവർത്തിക്കുകയായിരുന്നു.
കെലാപാതകത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനു വേണ്ടിയാണ് ഇക്കാര്യങ്ങളെല്ലാം അന്വേഷിക്കുന്നത്.