കൊച്ചി: നടൻ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട വിഷയത്തിൽ നിർമാതാക്കളും താരസംഘടനയായ അമ്മയും തമ്മിൽ നടത്തിയ ചർച്ച പരാജയപ്പെട്ടു. മുടങ്ങിയ സിനിമകൾക്ക് ഷെയ്ൻ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് നിർമാതാക്കളുടെ ആവശ്യം അമ്മ തള്ളിയതോടെയാണ് ചർച്ച അലസിയത്.
ചർച്ചകൾ തുടരുമെന്ന് ഇടവേള ബാബുവും ബാബുരാജും അറിയിച്ചു.അമ്മയുടെ നിർദ്ദേശം അനുസരിച്ച് ഷെയ്ൻ “ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി നൽകിയിരുന്നു.
അതിന് ശേഷം നടന്ന അനുരഞ്ജന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും ധരിച്ചത്. എന്നാൽ നഷ്ടപരിഹാരം വേണമെന്ന് നിർമാതാക്കൾ വാശിപിടിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.
മുൻകാലങ്ങളിൽ എത്രയോ സിനിമകൾ മുടങ്ങുകയും വൈകുകയും ചെയ്തിട്ടുണ്ടെന്ന് അമ്മ ഭാരവാഹികൾ ചോദിച്ചു. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്വഴക്കം കൊണ്ടുവരുന്നതിനെ അമ്മ ഭാരവാഹികൾ ശക്തമായി എതിർത്തു.
നിർമാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയുള്ള കാര്യങ്ങൾ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയ ശേഷമേ തീരുമാനിക്കാൻ കഴിയൂ എന്നും ഭാരവാഹികൾ അറിയിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് നിലനിൽക്കുമ്പോൾ ഷെയ്നിന് പുതിയ ചിത്രത്തിനായി അഡ്വാൻസ് നൽകിയ നിർമാതാക്കളുണ്ടെന്ന് നടൻ ബാബുരാജ് പറഞ്ഞു.
നിർമാതാക്കൾക്കിടയിൽ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് അത്തരം പരാമർശങ്ങൾക്കില്ലെന്ന് അമ്മയുടെ ഭാരവാഹികൾ പറഞ്ഞു. ഇടവേള ബാബു, ബാബുരാജ്, ടിനിടോം എന്നിവരാണ് അമ്മയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് എത്തിയത്.